‘താരങ്ങള്‍ക്ക് മാത്രമല്ല ലഹരി കിട്ടുന്നത്, ലഹരി ഉപയോഗിക്കരുത് എന്ന ബോര്‍ഡ് എഴുതിവെയ്ക്കാം, അല്ലാതെ വേറെന്ത് ചെയ്യാന്‍ പറ്റും’; മമ്മൂട്ടി
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന് ശ്രീനാഥ് ഭാസിയെ പ്രൊഡ്യുസേഴ്സ് അസോസിയേഷന് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതെല്ലാമായിരുന്നു കുറച്ച് ദിവസങ്ങളായിട്ട് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. താരം ലഹരി ഉപയോഗിച്ചിരുന്നോ എന്ന തരത്തിലുള്ള അന്വേഷണങ്ങളും നടന്നിരുന്നു. അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്.
ഇപ്പോഴിതാ സിനിമാ മേഖലയില്‍ ലഹരി ഉപയോഗത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നതെന്നും സിനിമയ്ക്ക് പുറത്തുള്ള എല്ലാവര്ക്കും ഇത് ലഭിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. അത് ജീവന് അപകടകരമായ ഒരു കാര്യമാണെന്നും മമ്മൂട്ടി മനോരമ മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവര്ക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. ജീവന് അപകടകരമായ ഒരു കാര്യമാണ്. ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകും. ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ. അതൊക്കെ വളരെ ഗൗരവമായി ആളുകള്‍ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസര്‍മാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവര്‍ ആലോചിക്കണം. നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ഒറ്റ തിരിഞ്ഞ് ആള്ക്കാര് അവിടെ നിന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യത്തിലും നേട്ടമുണ്ടാകുന്നില്ല’ എന്നുമായിരുന്നു മമ്മൂട്ടി വ്യക്തമാക്കിയത്.
നേരത്തെ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയ വിഷയത്തില്‍ തൊഴില്‍ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആരെയും വിലക്കാന്‍ പാടില്ലെന്നും എന്തിനാണ് അന്നം മുട്ടിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. സിനിമയിലെ വിലക്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി.