‘മമ്മൂക്ക മലയാളത്തിന്റെ വല്യേട്ടന്‍, നമ്മളെല്ലാം അദ്ദേഹത്തിന്റെ അനുജന്മാരാണ്’ ; മണിയന്‍പിള്ള രാജു
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ സ്വന്തം താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരു സൂപ്പര്‍ താരം എന്ന് വിളിക്കുന്നതിനെക്കാള്‍ എനിക്ക് ഇഷ്ടം ഒരു നല്ല നടന്‍ എന്ന പേരില്‍ അറിയപ്പെടാനാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
മലയാള സിനിമയെ ഒരു കുടുംബത്തെപോലെയാണ് അദ്ദേഹം കാണുന്നത്. കൂടെ ജോലി ചെയ്യുന്ന ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരേയും അദ്ദേഹം കാണുന്നത് ഒറു കുടുംബത്തെപോലെയാണ്. മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തില്‍ മമ്മൂട്ടി തന്റെ വല്യേട്ടനാണെന്നും ഞാന്‍ അദ്ദേഹത്തിന്റെ അനുജനാണെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വീഡിയോയാണ് വൈറലാവുന്നത്. മലയാളത്തിന്റെ വല്യേട്ടനാണ് അദ്ദേഹം. നമ്മളെല്ലാവരും അദ്ദേഹത്തിന്റെ അനുജന്മാരാണ്. ആ ഒരു സ്വാതന്ത്ര്യവും സ്‌നേഹവും എല്ലായിടത്തും നമുക്ക് കിട്ടും. അതൊരു നാട്യമല്ല. ഞാന്‍ വലിയ സൂപ്പര്‍സ്റ്റാര്‍ എന്നുള്ളതല്ലെന്നും മണിയന്‍പിളള പറയുന്നു. കൂടെവിടെ എന്ന ചിത്രത്തിലൂടെ തുടങ്ങിയ മമ്മൂട്ടിയുടെയും മണിയന്‍ പിള്ള രാജുവിന്റെയും സൗഹൃദം ഇന്നും തിളക്കം മങ്ങാതെ നിലനില്‍ക്കുന്നു. മുപ്പതിയഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടിയും മണിയന്‍ പിള്ള രാജുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് എനിക്ക് സിനിമാരംഗത്തുള്ളവരെല്ലാം എന്റെ സ്വന്തം ആളുകളാണെന്നുള്ള വിചാരമാണെന്നും എന്റെ സഹോദരി സഹോദരന്‍മാരാണ് അവരെന്നും എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ് പോകുന്നതുപോലെ എന്റെ കൂടെ ഉള്ളവര്‍ വരണമെന്ന് ആഗ്രഹമുള്ള ആളാണെന്നും പറഞ്ഞിട്ടുണ്ട്. പലരും മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ കെയറിംങിനെക്കുറിച്ച് സംസാരിക്കാറുണ്ട്. എപ്പോഴും സിനിമാ രംഗത്തുള്ളവരെ വിളിക്കുകയും അവരുടെ കാര്യങ്ങള്‍ തിരക്കുകയും എപ്പോഴും ഒരോ ഉപദേശങ്ങളും അദ്ദേഹം അവരുമായി പങ്കുവെക്കാറുണ്ടെന്നും മോഹന്‍ലാലും
വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയില്‍ താന്‍ ഏറ്റെടുക്കുന്ന വേഷങ്ങളോട് മമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥ, ഏത് മേഖലയിലുള്ളവര്ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെ എത്തിയ പിഐ മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി. മനസില്‍ ഫ്രെയിം ചെയ്ത് വക്കുന്നതില്‍ നിന്ന് മനസിലാക്കാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം.