“ഓക്സിജൻ ക്ഷാമമില്ല, രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കാൻ അറിയാത്തതാണ്, പഠിപ്പിച്ചുതരാം” വിവാദ പരാമർശവുമായി ബാബ രാംദേവ്
കോവിഡ് രോഗം പിടിപെട്ട് വിഷമത്തിൽ കഴിയുന്ന രോഗികളെ തെറ്റിദ്ധരിപ്പിക്കുകയും ഭീതി പരത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതി. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും രാംദേവ് അവഹേളിച്ചു എന്ന് പരാതിയിൽ പറയുന്നു. കോവിഡ് രോഗികളെയും ആരോഗ്യ പ്രവർത്തകരെയും ബാബാ രാംദേവ് അവഹേളിച്ചു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് സിങ് ദാഹിയയാണ് ജലന്ധർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മനുഷ്യത്വരഹിതമായും വിവേകശൂന്യമായയും ബാബാ രാംദേവ് പ്രവർത്തിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് പൊലീസിന് കൈമാറി. ഇന്ത്യ എന്ന മഹാരാജ്യം മറ്റുള്ള ലോകരാജ്യങ്ങളുടെ മുൻപിൽ നിസ്സഹായതയോടെ കൈനീട്ടി നിൽക്കുമ്പോഴാണ് രോഗികൾക്കും ആരോഗ്യ പ്രവർത്തനങ്ങൾക്കും എതിരായിട്ടുള്ള ബാബാ രാംദേവിന്റെ പുതിയ പ്രസ്താവനയിൽ പുറത്തു വരുന്നത്. എങ്ങനെയാണ് കൃത്യമായി ശ്വാസം എടുക്കേണ്ടത് എന്ന് കോവിഡ് രോഗികൾക്ക് അറിയാത്തതു കൊണ്ടാണ് അവർ ബുദ്ധിമുട്ടുന്നത് എന്നും അതുകൊണ്ടുതന്നെ നെഗറ്റിവിറ്റി പരത്തുകയാണ് അവർ എന്നും ബാബാ രാംദേവ് പറയുന്നു.
അങ്ങനെയുള്ളവർ രാജ്യത്ത് ഓക്സിജൻ ക്ഷാമം ആണെന്നും ശ്മശാനങ്ങളിൽ പോലും ഇടമില്ലയെന്നും പരാതിപ്പെടുന്നു എന്നും രാംദേവ് പറയുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയിൽ കടുത്ത നടപടി എടുക്കുവാൻ തന്നെയാണ് ഉന്നതതല തീരുമാനം. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രാംദേവിനെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്യണമെന്നും കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.