50 കോടി നേടിയ ‘ന്നാ താന്‍ കേസ് കൊട്’ കഴിഞ്ഞ് ഒരു മോഹന്‍ലാല്‍ ചിത്രം ; രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ പുതിയ പ്രൊജക്ട് ഇങ്ങനെ
മലയാളികള്‍ക്ക് പരിചിതമായ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള്. സൗബിന് ഷൗഹിറിനെ നായകനാക്കി ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് 5.25 സംവിധാനം ചെയ്താണ് സിനിമാരംഗത്തേക്ക് അരങ്ങേറുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. കനകം കാമിനി കലഹം, ഏലിയന്‍ അളിയന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏറ്റവും ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന് നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗസ്റ്റ് 11ന് തിയറ്ററില്‍ എത്തിയ ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. രാജീവന് എന്ന കള്ളന്റെ ജീവിതത്തില്‍ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.
ഇപ്പോഴിതാ മലയാളി പ്രേക്ഷകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. രതീഷ് ബാലകൃഷ്ണ സംവിധാനം ചെയ്യുന്ന മറ്റൊരു പുതിയ ചിത്രത്തില്‍ മലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ഹിറ്റിന് ശേഷം മോഹന്‍ലാലും രതീഷും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംഷയോടെ തന്നെയാണ് നോക്കികാണുന്നത്. നിലവില്‍ മോഹന്‍ലാല്‍ ദൃശ്യത്തിന് ശേഷം ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തിരക്കുകളിലാണ്. റാമിന്റെ ചിത്രീകരണത്തിന് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംങിനായി കാസര്‍കോഡ് മോഹന്‍ലാല്‍ എത്തുമെന്നാണ് സൂചന.
മോഹന്‍ലാലിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങളാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍, പുലിമുരുകന് എന്ന ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന മോണ്‍സ്റ്റര്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ ഓളവും തീരവും എന്നിവ. ഇതില്‍ എലോണ്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു. മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ അവസാനം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം രതീഷ് ബാലകൃഷ്ണ സംവിധാനെ ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ വിവാദങ്ങളുടെ അകമ്പടിയോടെയാണ് തിയറ്ററുകളില്‍ എത്തിയത്. ‘തിറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നുള്ള പരസ്യവാക്യമാണ് വിവാദമായത്. ഇത് പിന്നീട് ചിത്രത്തിന് പോസിറ്റീവായി മാറി. കനകം കാമിനി കലഹത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ചിത്രം സന്തോഷ് ടി കുരുവിളയാണ് നിര്‍മിച്ചത്. കുഞ്ചാക്കോ ബോബന് സഹനിര്‍മാതാവാണ്. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയായെത്തിയത്.