യുഡിഎഫ് ദയനീയമായി തോറ്റതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാൾ പ്രകാശ് പോൾ; കുറിപ്പ് വായിക്കാം
1 min read

യുഡിഎഫ് ദയനീയമായി തോറ്റതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാൾ പ്രകാശ് പോൾ; കുറിപ്പ് വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിൽ സന്തോഷം രേഖപ്പെടുത്തി പ്രകാശ് പോളിന്റെ ഫേസ്ബുക് പോസ്റ്റ്‌. ഈ ഇലക്ഷനില്‍ യുഡിഎഫ് ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാൾ താനാണ് എന്നാണ് പ്രകാശ് പോൾ പറയുന്നത്. ഒരുകാലത്ത് ഏഷ്യാനെറ്റ്‌ ചാനൽ സംപ്രേഷണം ചെയ്ത സീരിയൽ വഴി കടമറ്റത്ത് കത്തനാർ ആയി വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമായിരുന്നു പ്രകാശ് പോൾ. അദ്ദേഹത്തിന്റെ ജീവിതത്തിലും അതൊരു സുവർണ്ണ സന്തോഷ കാലമായിരുന്നു. എന്നാൽ അതിന് ശേഷം യുഡിഎഫ് അധികാരികൾ തന്റെ ജീവിതം ആകെ താറുമാറാക്കി എന്നാണ് പ്രകാശ് പോൾ പറയുന്നത്. 14 വര്‍ഷമായി താൻ നേരിടുന്ന ദുരന്തങ്ങളുടെ ആമുഖം അദ്ദേഹം വെളിപ്പെടുത്തുകയാണ്.

കടമറ്റത്തു കത്തനാർ ഏഷ്യാനെറ്റില്‍ ടെലികാസ്റ്റ് അവസാനിച്ച് രണ്ടു വര്‍ഷം പിന്നിട്ട സമയം അന്നു KPCC പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയുമായി നടന്ന ഒരു സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിൽ കടമറ്റത്ത് കാത്തനാരുടെ രണ്ടാം ഭാഗം ജയ്‌ഹിന്ദ്‌ ടിവിക്ക് വേണ്ടി ചെയ്യാൻ ആവശ്യപ്പെടുന്നത് മുതലാണ് തകർച്ചകളുടെ അധ്യായം തുടങ്ങുന്നത് എന്ന് പ്രകാശ് പോൾ പറയുന്നു. രമേശ് ചെന്നിത്തലയും എം എം ഹസ്സനും നയിക്കുന്ന ജയ്ഹിന്ദ് ചാനലിനുവേണ്ടി പ്രൊഡ്യൂസറും പ്രധാന നടനും പ്രകാശ് പോൾ തന്നെ ചെയ്തു ആരംഭിച്ച ആ പദ്ധതി പിന്നീട് പ്രതിസന്ധിയിൽ ആവുകയും ലക്ഷങ്ങളുടെ കടക്കാരൻ ആയി പ്രകാശ് പോൾ മാറുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ കരുണയില്ലാത്ത തേറ്റപ്പല്ലുകള്‍ക്ക് ഇടയിൽ പെട്ട് തന്റെ ജീവിതമണ് ഞെരിഞ്ഞമര്‍ന്നത് എന്ന് പ്രകാശ് പോൾ കുറിപ്പിലൂടെ പറയുന്നു.

പ്രകാശ് പോളിന്റെ കുറിപ്പ് ഇങ്ങനെ;

എന്നെ സ്നേഹിച്ചിരുന്ന എന്‍റെ എല്ലാ സുഹൃത്തുക്കളും ഇതു മുഴുവന്‍ വായിക്കണമെന്നപേക്ഷ. 14 വര്‍ഷമായി ഞാന്‍ നേരിടുന്ന ദുരന്തങ്ങളുടെ ആമുഖം മാത്രമാണിത്.

നീതിബോധം, നിഷ്പക്ഷത, ദയ, നിരീക്ഷണപാടവം, ബുദ്ധി ഇവയൊക്കെ ഭരണകര്‍ത്താക്കള്‍ക്ക് അവശ്യം വേണ്ട ഗുണങ്ങളാണ്. ഇവയില്‍ ഒന്നുപോലുമില്ലാത്ത ചില നേതാക്ക‍ള്‍ നയിച്ച കോണ്‍ഗ്രസ്, ഈ ഇലക്ഷനില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാളാണ് ഞാന്‍. എന്‍റെ ആഹ്ലാദത്തിനു കാരണം തികച്ചും വ്യക്തിപരമാണുതാനും. അത്തരം കാഴ്ചപ്പാടില്‍ ഇതിനെ സമീപിക്കുന്നത് അനുചിതമായിരിക്കാം. എങ്കിലും സന്തോഷിക്കാതെവയ്യ.

യാതൊരു തത്വദീക്ഷയുമില്ലാത്ത, നയിക്കാന്‍ മാര്‍ഗരേഖകളില്ലാത്ത, അടിസ്ഥാനപ്രമാണങ്ങളില്ലാത്ത സ്വാര്‍ത്ഥമതികളുടെയും സ്ഥാനമോഹികളുടെയും ആള്‍ക്കൂട്ടം മാത്രമാണവര്‍. ഒരു ജനതയെ നയിക്കാന്‍ കോണ്‍ഗ്രസ് ഒരു തരത്തിലും യോഗ്യരല്ല. തൊട്ടടുത്തു നില്ക്കുന്ന വ്യക്തിയെ സ്വന്തം പ്രയോജനങ്ങള്‍ക്ക് പരീക്ഷണവസ്തുവാക്കി അവസാനം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുവാന്‍ ഒട്ടും മടിയില്ലാത്തവര്‍, പത്രത്തില്‍ വായിച്ചും പറഞ്ഞുകേട്ടറിഞ്ഞും മാത്രം പരിചയമുള്ള, ‘ജനം’ എന്ന സാധുക്കള്‍ക്ക് എന്തു നന്മയായിരിക്കും കൊടുക്കുന്നത്! തോറ്റു തുന്നംപാടാന്‍ ഇടയാക്കിയതിന് ദൈവത്തിനു നന്ദി.

കോണ്‍ഗ്രസിന്‍റെ കരുണയില്ലാത്ത തേറ്റപ്പല്ലുകള്‍ക്കിടയില്‍ പെട്ട് എന്‍റെ ജീവിതമണ് ഞെരിഞ്ഞമര്‍ന്നത്. ഇത് എനിക്കു മാത്രം സംഭവിച്ച ദുരന്തമായി ഞാന്‍ കാണുന്നില്ല. ബലിയാടുകളുടെ ഒരു നിര എന്‍റെ മുന്നിലും പിന്നിലുമുണ്ട്. 

കടമറ്റത്തു കത്തനാർ ഏഷ്യാനെറ്റില്‍ ടെലികാസ്റ്റ് അവസാനിച്ച് രണ്ടു വര്‍ഷം പിന്നിട്ട സമയം. ചെറിയ കടങ്ങള്‍, ചെറിയ ഉയര്‍ച്ചകള്‍, ചെറിയ താഴ്ചകള്‍, ചെറിയ വീഴ്ചകള്‍ ഇവയൊക്കെയായി സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന എന്‍റെ ജീവിതം, ആ സമയത്തു കുറെക്കൂടി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു.

അന്നു KPCC പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയുമായി നടന്ന ഒരു സംഭാഷണത്തിന്‍റെ രൂപത്തിലാണ് ദുര്‍വിധി എന്‍റെ ജീവിതത്തിലേക്ക് ഓടിക്കയറിയത്. KPCC യുടെ പുതിയ ചാനലില്‍ എനിക്കൊരു പ്രൊജക്ട് തരാമോ എന്നു ചോദിച്ച എന്നോട് ‘കത്തനാർ’ രണ്ടാംഭാഗം ചെയ്യാമോ എന്നൊരു മറുചോദ്യമാണ് രമേശ് ചോദിച്ചത്. അതാണെങ്കില്‍ ചാനലിനും അതുകൊണ്ട് രക്ഷപ്പെടാം എന്നതാണ് അദ്ദേഹം കണ്ടെത്തിയ ന്യായം. ഏതായാലും വരാനുള്ളതു വഴിയില്‍ തങ്ങിയില്ല. കത്തനാർ ഏഷ്യാനെറ്റില്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ മുതല്‍ ഞാന്‍ ഒരു സ്വപ്നമായി മനസ്സില്‍ കൊണ്ടുനടന്ന “കത്തനാര്‍ രണ്ടാം ഭാഗം”, രമേശ് ചെന്നിത്തലയും എം എം ഹസ്സനും നയിക്കുന്ന ജയ്ഹിന്ദ് ചാനലിനുവേണ്ടി ചെയ്യാന്‍ തീരുമാനമായി. ഞാന്‍ പ്രൊഡ്യൂസറും പ്രധാന നടനും. രമേശിന്‍റെയും ഹസ്സന്‍റെയും സ്നേഹവായ്പും പ്രോല്‍സാഹനങ്ങളും ചാനലിന്‍റെ സാമ്പത്തികപിന്‍തുണയും വേണ്ടുവോളം.

ആദ്യഭാഗത്തേക്കാള്‍ ഗംഭീരമാക്കണം രണ്ടാംഭാഗം എന്ന വാശിയോടെ സാമ്പത്തികലാഭം എന്ന ചിന്തപോലുമില്ലാതെ ഞാന്‍ ഷൂട്ട് ആരംഭിച്ചു. ചോദിച്ചപ്പോഴും ചിലപ്പോഴൊക്കെ ചോദിക്കാതെപോലും അഡ്വാന്‍സ് പേയ്മെന്‍റുകള്‍ തന്ന് ജയ്ഹിന്ദ് എന്നെ അത്ഭുതപ്പെടുത്തി. മറ്റൊരു ചാനലിലുമില്ലാത്ത സമ്പ്രദായം!! ആവേശത്തോടെ ഞാന്‍ ഷൂട്ട് തുടര്‍ന്നു.

ടെലികാസ്റ്റ് തുടങ്ങി. ഞാനും മറ്റ് അണിയറപ്രവര്‍ത്തകരും ചാനലുമൊക്കെ ആവേശത്തിലായി. സീരിയല്‍ കൊള്ളാം. ആദ്യഭാഗത്തേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നില്‍തന്നെ.

പക്ഷേ എല്ലാ ആഹ്ലാദവും കെട്ടടങ്ങാന്‍ മൂന്നാഴ്ചയിലധികം വേണ്ടിവന്നില്ല. സീരിയല്‍ ആരും കാണുന്നില്ല. റേറ്റിംഗിന്‍റെ പരിസരത്തുപോലും വരുന്നുമില്ല. കാരണം കണ്ടെത്താന്‍ ശ്രമിച്ച ചാനലിന് അപ്പോഴാണ് സത്യം ബോദ്ധ്യപ്പെട്ടത്. അഡ്ഡ്രസ്സില്ലാത്ത ഇങ്ങനെയൊരു ചാനലിനെപ്പറ്റി ജനങ്ങള്‍ കേട്ടിട്ടുപോലുമില്ല. ഡിഷ് ടിവിയിലോ കേബിളിലോ ഇതിന്‍റെ കണക്ഷന്‍ കിട്ടിയിട്ടുള്ളവര്‍ വളരെ ചുരുക്കം.

എല്ലാം തകിടംമറിഞ്ഞതു പെട്ടെന്നായിരുന്നു. ചോദിക്കാതെയും അഡ്വാന്‍സ് തന്നിരുന്നവര്‍ പലതവണ ചോദിക്കുമ്പോള്‍ മാത്രം പണം തരുക പതിവായി. പിന്നീട് അതും ഇല്ലാതായി. വൈകിയാലും പേയ്മെന്‍റ് കിട്ടാതിരിക്കില്ലെന്നു വിശ്വസിച്ചതുകൊണ്ട് ഞാന്‍ 10രൂപ പലിശയ്ക്കും 15രൂപ പലിശയ്ക്കുമൊക്കെ ലക്ഷങ്ങൾ കടം വാങ്ങി ഷൂട്ട് നടത്തി ടെലികാസ്റ്റ് മുടങ്ങാതെ കൊണ്ടുപോയി.

പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി. അടുത്ത ദിവസത്തെ എപ്പിസോഡ് ഷൂട്ട് ചെയ്യാന്‍ പണമില്ലാത്ത അവസ്ഥയില്‍ ടെലികാസ്റ്റ് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു.

ആ സമയത്ത് ജയ്ഹിന്ദ് എഗ്രിമെന്‍റനുസരിച്ച് എനിക്കു ബാക്കിതരാനുള്ള തുക 57 ലക്ഷം. അതിനുവേണ്ടി ഞാനനുഭവിച്ച യാതനകള്‍ ഓര്‍ക്കാന്‍കൂടി വയ്യ. അന്നു പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയെയും രമേശിനെയും ഹസ്സനെയും മാറിമാറി കാണല്‍ മാത്രമായി എന്‍റെ പണി. ചാനലിന്‍റെ ദാരിദ്ര്യം പറഞ്ഞു കേള്‍പ്പിക്കുകയും ഇടയ്ക്കിടെ ചെറിയ ചെറിയ തുകകള്‍ തരുകയും ചെയ്തതല്ലാതെ എന്‍റെ പ്രശ്നം പരിഹരിക്കുന്ന തരത്തില്‍ ആശ്വാസകരമായ ഒരു തീരുമാനവും ഉണ്ടായില്ല. പലിശയ്ക്കു പണം തന്നവര്‍ വേട്ടയാടാന്‍ തുടങ്ങി. കടമായി തന്നവര്‍ വല്ലാതെ ഞെരുക്കാനും തുടങ്ങി. കടം 60 ലക്ഷം. 57 ലക്ഷം ഒന്നിച്ചു കിട്ടിയിരുന്നുവെങ്കില്‍ 3ലക്ഷം കടമേ എനിക്കു ബാക്കിയുണ്ടാകുമായിരുന്നുള്ളൂ. എങ്ങനെയും എനിക്കതു കൊടുത്തു തീര്‍ക്കുവാനും പറ്റുമായിരുന്നു.

കടക്കാരുടെ ഭീഷണികള്‍ താങ്ങാന്‍ പറ്റാതെ വന്ന ഘട്ടത്തില്‍ ഞാന്‍ അടുത്ത മണ്ടന്‍തീരുമാനമെടുത്തു. ജയ്ഹിന്ദിന്‍റെ മുന്‍പില്‍ സത്യഗ്രഹമിരിക്കാന്‍ പോകുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയെയും രമേശിനെയും ഹസ്സനെയും അറിയിച്ചു. ആകെ തണുത്ത പ്രതികരണം മാത്രം.

ഈ വിവരം സോണിയ ഗാന്ധിക്കു ഇമെയ്ലായി അയച്ചുകൊടുത്തു. അവര്‍ അതു കണ്ടില്ലെങ്കിലോ എന്നു കരുതി അതിന്‍റെ കോപ്പി അവരെ നേരിട്ട് ഏല്‍പിക്കാനുള്ള മാര്‍ഗവും ഉണ്ടാക്കി. പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല.

പക്ഷേ സോണിയക്കയച്ച മെയ്ലിനെക്കുറിച്ചറിഞ്ഞ രമേശും ഹസ്സനും ഉറഞ്ഞുതുള്ളി. ഉമ്മന്‍ചാണ്ടിയാകട്ടെ അതറിഞ്ഞ ഭാവം കാട്ടിയതുമില്ല.

ഞാന്‍ പറഞ്ഞ ദിവസംതന്നെ സത്യഗ്രഹം തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞു. ഒരു കാര്യം എനിക്കു മനസ്സിലായി. കൊല്ലക്കുടിയിലാണ് ഞാന്‍ സൂചി വില്ക്കാന്‍ നോക്കിയത്. സത്യഗ്രഹം മതിയാക്കി തലയും കുമ്പിട്ടു ഞാന്‍ തിരികെ പോന്നു. ഒരു തവണകൂടി മൂന്നു നേതാക്കളെയും ഞാന്‍ പോയിക്കണ്ടു. ഉമ്മന്‍ചാണ്ടി നിസ്സഹായനായ നീതിമാന്‍റെ മുഖംമൂടിയെടുത്തണിഞ്ഞു. രമേശ് അപക്വമതിയായ ഒരു വിഡ്ഢിയുടെ മുഖാവരണം എനിക്കണിയിച്ചുതന്നു. ഹസ്സനാകട്ടെ ക്രോധത്തോടെ ആക്രോശിച്ചു: ‘ഞാന്‍ ഈ ചാനലിന്‍റെ ചെയര്‍മാനായിരിക്കുന്ന കാലം താന്‍ പൈസ വാങ്ങുന്നത് എനിക്കൊന്നു കാണണം.’ തോറ്റോടുകയല്ലാതെ മറ്റു വഴിയൊന്നും എന്‍റെ മുന്നിലില്ലായിരുന്നു. ഓടി. മാസങ്ങള്‍ക്കു ശേഷം 28 ലക്ഷം ബാക്കിയുള്ളപ്പോള്‍ 4 ലക്ഷം രൂപകൂടി തന്ന് ഹസ്സന്‍ ആ അക്കൌണ്ട് ക്ലോസ് ചെയ്തു.

അന്നത്തെ കടക്കാരില്‍നിന്ന് പൂര്‍ണമായ ഒരു മോചനം പിന്നീടൊരിക്കലും എനിക്കുണ്ടായില്ല. കടംവീട്ടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ നഷ്ടങ്ങളിലേക്കും കെണികളിലേക്കും എന്നെ തള്ളിയിട്ടുകൊണ്ടിരുന്നു. പരസ്യമായ ആരോപണങ്ങള്‍, കള്ളക്കേസുകള്‍, ഭീഷണികള്‍. ആകെ തളര്‍ന്നുപോയ അവസ്ഥ. ഇതിനു കാരണക്കാരായവരെ ഞാന്‍ ശത്രുക്കളായിത്തന്നെ കാണുന്നു.

ശത്രു പരാജയപ്പെടുന്നതു കാണുമ്പോള്‍ ദുഖിക്കുന്നയാളാണ് ഞാന്‍. പക്ഷേ സ്വന്തം വിനാശം ഇരന്നു വാങ്ങിയ ഇവരെ കാണുമ്പോള്‍ ആഹ്ലാദിക്കാതെ വയ്യ. ചരിത്രത്തിന്‍റെ ഇരുള്‍മൂടിയ ഇടനാഴികളി‍ല്‍ മാത്രമാകട്ടെ ഇനി ഇവരുടെ സ്ഥാനം.

 

Leave a Reply