‘ആഴമുണ്ട് പക്ഷേ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്’; മമ്മൂട്ടി – സുരേഷ് ഗോപി ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നു
1 min read

‘ആഴമുണ്ട് പക്ഷേ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്’; മമ്മൂട്ടി – സുരേഷ് ഗോപി ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നു

മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം ഇദ്ദേഹം നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. അച്ഛൻ മകൻ കോമ്പോയ്ക്ക് വളരെ നല്ല തിയേറ്റർ പ്രതികരണങ്ങളാണ് കിട്ടുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252 – മത്തെ ചിത്രമാണിത്. എബ്രഹാം മാത്യു മാത്തൻ എന്നായിരുന്നു സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. റിലീസ് ചെയ്ത ദിവസം മുതൽ ഇതുവരെ ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് പാപ്പൻ ചിത്രം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ ഇതുവരെ നേടിയത് 50 കോടിയാണ്. തീയറ്റർ – സാറ്റലൈറ്റ് – ഒടിടി എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെപ്പറ്റി പറയുകയാണ് സുരേഷ് ഗോപി. ‘പാപ്പൻ’ സിനിമയുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. ‘ സിനിമയിലെ സൗഹൃദങ്ങളെ എങ്ങനെയാണ് മൈന്റൈൻ ചെയ്തു പോകുന്നത്’ എന്ന അവതാരകന്റെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടിയാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. സൗഹൃദങ്ങൾ ഉള്ളതെല്ലാം വളരെ ആഴത്തിലുള്ളതാണെന്നും ചിലതൊക്കെ ഉള്ളിലും ഉണ്ടെന്നും ഇദ്ദേഹം പറയുന്നു. ഈ സൗഹൃദങ്ങളിൽ വെച്ച് വളരെ ആഴത്തിൽ പതിഞ്ഞ ബന്ധമാണ് ഇദ്ദേഹത്തിന് മമ്മൂക്കയുമായുള്ളത്. ഏറ്റവും ബഹുമാനത്തോടെ നിലനിർത്തുന്ന സൗഹൃദം കൂടിയാണിത്. ഇപ്പോഴും മമ്മൂക്കയുടെ ഫോൺകോൾ വന്നാലോ ആരെങ്കിലും മമ്മൂട്ടിയാണ് എന്നും പറഞ്ഞ് ഫോൺ തന്നാലോ എഴുന്നേറ്റുനിന്ന് മാത്രമേ സംസാരിക്കൂ എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.