‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുതെന്ന്’ ആമീർഖാൻ
ഇന്ത്യൻ സിനിമ ലോകത്തിന് മൂന്ന് ഖാൻമാരാണ് ഉള്ളത്. ഷാറൂക് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ. ബോളിവുഡ് ഭരിക്കുന്ന നായകന്മാരുടെ കൂട്ടത്തിൽ ശക്തനായ ഒരാളാണ് ആമിർഖാൻ. അദ്ദേഹം ഇട്ട റെക്കോർഡുകൾ ഒക്കെ ബോളിവുഡ് സിനിമ ലോകത്തെ എന്നും പ്രൗഢിയിൽ നിലനിർത്തുന്നതാണ്. ഇപ്പോൾ നാല് വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തീയേറ്ററുകളിലേക്കു ഒരു ചിത്രവുമായി വരികയാണ് ആമിർ ഖാൻ. 1994 ൽ റിലീസ് ചെയ്ത, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ലാല്‍ സിങ് ചദ്ദയാണ് ആമിറിന്റെ പുതിയ ചിത്രം.
എന്നാൽ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ കാമ്പയിൻ പ്രചരിക്കുകയാണ്. ഈ ചിത്രം ബഹിഷ്കരിക്കണമെന്നും സിനിമ കാണരുതെന്നുമുള്ള ക്യാമ്പെയിനാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്. ബോയ്ക്കോട്ട് ബോളിവുഡ് ‘ എന്ന ഹാഷ് ടാഗിനൊപ്പമാണ് ചിത്രത്തിനെതിരെയുള്ള ക്യാമ്പെയിൻ. ഈ ക്യാമ്പയിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആമിർ ഖാൻ. ഇത്തരത്തിലുള്ള ക്യാമ്പെയിന് ഏറെ വേദനിപ്പിക്കുന്നുവെന്നും താൻ ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന ആളാണെന്നും ആമിർ പറയുന്നു. കൂടാതെ തന്റെ സിനിമ ബഹിഷ്കരിക്കരുത് എന്നും ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു കൊണ്ട് ആമിർ ഖാൻ അഭ്യർത്ഥിക്കുന്നു.
ആമിര്‍ ഖാന് ഇന്ത്യയെ സ്നേഹിക്കാത്ത ആളാണെന്ന തരത്തിലുള്ള പ്രചാരണമാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്. ഹിന്ദുമതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിറിന്റെ സിനിമ ബഹിഷ്കരിക്കണമെന്നും, രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുതെന്നും, ആമിറിന്റെ ഭാര്യയ്ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞത് കൊണ്ട് ആമിറിന്റെ സിനിമ ഇവിടെ എന്തിന് റിലീസ് ചെയ്യുന്നു എന്നൊക്കെയാണ് വിദ്വേഷ പ്രചാരണം നടത്തുന്നവരുടെ വാദം.
ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ, ഗാനങ്ങൾ, പോസ്റ്ററുകൾ എന്നിവ ഇറങ്ങിയപ്പോൾ മുതലേ നല്ല പ്രേക്ഷക പ്രതികരണം നേടിയതാണ്. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കരീന കപൂര്‍ ഖാന്, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും വേഷമിട്ടിട്ടുണ്ട്.