‘ബാഴ്‌സലോണയില്‍ പോയി ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം’ ; തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെപറ്റി പറഞ്ഞ് ഫഹദ് ഫാസില്‍
1 min read

‘ബാഴ്‌സലോണയില്‍ പോയി ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം’ ; തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെപറ്റി പറഞ്ഞ് ഫഹദ് ഫാസില്‍

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ് ഫാസില്‍ നായകനായത്തിയ മലയന്‍കുഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. എ.ആര്‍ റഹ്മാന്റെ സംഗീത സംവിധാനം, ഫാസിലിന്റെ നിര്‍മാണം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളെല്ലാം മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കരിക്ക് ഫ്‌ലിക്കിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.

തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെകുറിച്ച് അഭിമുഖത്തില്‍ ഫഹദ് പറയുന്നുണ്ട്. ബാഴ്‌സലോണയില്‍പോയി ഊബര്‍ ടാക്‌സി ഓടിച്ച് ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് എത്തിക്കുന്നതാണ് തന്റെ റിട്ടയര്‍മെന്റ് പ്ലാന്‍ എന്നാണ് ഫഹദ് പറയുന്നത്. പറ്റുമെങ്കില്‍ അവരോട് സംസാരിക്കണമെന്നും അവരുടെ കഥകള്‍ കേള്‍ക്കണമെന്നും കേരളം പോലെ തന്നെ സ്‌പെയിനും നല്ല സ്ഥലമാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. എനിക്ക് എല്ലാ സ്ഥലങ്ങളും ഇഷ്ടമാണ്. എനിക്ക് ഒരിക്കലും ഒരു സ്ഥലത്ത് പോയിട്ട് ഇനി ഒരിക്കലും അവിടെ പോവരുതെന്നും തോന്നിയിട്ടില്ല.

ഉരുള്‍പൊട്ടലിന്റെ ഭീകരതയാണ് മലയന്‍കുഞ്ഞ് എന്ന ചിത്രത്തില്‍ കാണാന്‍ സാധിക്കു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ റിലീസിന് മുന്നേ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നാല്‍പത് അടി താഴ്ചയിലാണ് രണ്ടാം പകുതിയില്‍ സിനിമ നടക്കുന്നതെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ മഴക്കാലം സമ്മാനിച്ച നടുക്കുന്ന ഓര്‍മകളുടെ കൂടി ഓര്‍മപ്പെടുത്തലാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസിലും ഫഹദും കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

എഡിറ്റിങ്, സംവിധാനം തുടങ്ങി സകലമേഖകളിലും തന്റെ കഴിവു തെളിയിച്ചിട്ടുള്ള മഹേഷ് നാരായണന്‍ ഈ ചിത്രത്തിലൂടെ ഛായാഗ്രഹകന്‍ ആവുന്നുവെന്ന പ്രത്യേകതയുമുണ്ട്. എ.ആര്‍റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക്‌ശേഷം ആണ് എ.ആര്‍ റഹ്മാന്‍ മലയാള സിനിമിയ്ക്ക് സംഗീതം നല്‍കുന്നത്. രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.