‘ആ കാര്യത്തിൽ എനിക്ക് ശ്രീനിവാസൻ സാറിനെ പോലെ ആകണ്ടാ… ലോഹിതദാസിനെ പോലെ ആയാൽ മതി’ ശ്യാം പുഷ്കരൻ പറയുന്നു
ലോഹിതദാസ്,ശ്രീനിവാസൻ ഭരതൻ, പത്മരാജൻ എന്നീ പ്രതിഭകൾക്കൊപ്പം നിരൂപകരും സിനിമാ പ്രേമികളും എല്ലായിപ്പോഴും പരാമർശിക്കുന്ന ഒരു പേരാണ് ശ്യാം പുഷ്കരൻ എന്നത്. റിയലിസ്റ്റിക് സിനിമകളുടെ പുത്തൻ ഉണർവിന് മലയാളത്തിൽ ചുക്കാൻ പിടിച്ച എഴുത്തുകാരനായ ശ്യാം പുഷ്കരൻ തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. നാളുകൾക്കു മുമ്പ് അദ്ദേഹം മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ നടനും എഴുത്തുകാരനുമായ ശ്രീനിവാസനെയും സംവിധായകനും എഴുത്തുകാരനുമായ ലോഹിതദാസിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു നിലപാട് വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര വിദ്യാർഥികൾക്കും സിനിമ പ്രേക്ഷകർക്കും ഏറെ ഉപകാരപ്പെടുന്നതാണ് ശ്യാം പുഷ്കരൻ നടത്തിയ ആ നിരീക്ഷണം എന്ന് പിന്നീട് പലരും അഭിപ്രായപ്പെടുകയുണ്ടായി. തന്റെ വ്യക്തിത്വത്തോട് ഏറ്റവും കൂടുതൽ ചേർന്നു നിൽക്കുന്ന ഏതെങ്കിലും ഒരു കഥാപാത്രം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശ്യാം പുഷ്കരൻ ശ്രീനിവാസനെയും ലോഹിതദാസിനെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചത്. മലയാള സിനിമാ ലോകത്ത് ഇതിനോടകം വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുള്ള എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ എല്ലാം വലിയ വിവാദമാവുകയും ചെയ്തിട്ടുണ്ട്.
എഴുത്തിന്റെ കാര്യത്തിൽ ശ്രീനിവാസനെയും ലോഹിതദാസിനെയും താരതമ്യം ചെയ്തുകൊണ്ട് ശ്യാം പുഷ്കരൻ പറഞ്ഞ പ്രസ്ഥാനം ഇങ്ങനെ; “അങ്ങനെയുള്ള പേഴ്സണൽ ഇഷ്ടങ്ങൾ ഒന്നുംതന്നെയില്ല. എല്ലാവരിലേക്കും ഒരു 30 ശതമാനം പേഴ്സണൽ ഡോർ വേ മാത്രമേ ഞാൻ തുറന്നു വയ്ക്കാറുള്ളു. അതിൽ കൂടുതലായി കഴിഞ്ഞാൽ നമ്മൾ വല്ലാണ്ടായി പോകും. ശ്രീനിവാസൻ സാറിനെ ഒക്കെ പിൽക്കാലത്ത് സംഭവിച്ചതുപോലെ ആയി പോകും. കാരണം എല്ലാ ഡയലോഗും ശ്രീനിവാസൻ സാർ എഴുതിയത് ആണെന്ന് തോന്നി പോകും. ലോഹിതദാസിന് ആ പ്രശ്നമില്ല എനിക്ക് ലോഹിതദാസിനെ പോലെ ഒരു റൈറ്റർ ആവാനാണ് താല്പര്യം. റൈറ്ററിന്റെ ബ്രില്ല്യൻസ് ആണോ അതോ ക്യാരക്ടേഴ്സ് അങ്ങനെ സംസാരിക്കുന്നതാണോ അങ്ങനെ തിരിച്ചറിയാൻ പറ്റാതെ ഇരിക്കുന്നതാണ് നല്ലത്, നല്ല രീതി എന്നാണ് എനിക്ക് തോന്നുന്നത്.”