”സിനിമ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു, മലയാള സിനിമ പ്രതിസന്ധിയിലേക്ക് ” ; ജി സുരേഷ് കുമാര്‍
കോവിഡ് പ്രതിസന്ധികാലത്ത് ഇതുവരെ സിനിമാ മേഖല കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലൂടെയാണ് രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മലയാള സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് കാരണം സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രതിഫലം കുത്തനെ കൂട്ടുന്നതാണെന്നും സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
”സിനിമ പൊട്ടിയാലും പ്രതിഫല തുക കൂട്ടുകയാണ് ചെയ്യുന്നത്. അത് നല്ല ഒരു പ്രവണതയായി തോന്നുന്നില്ല. അവര്‍ മാത്രം ജീവിച്ചാല്‍ പോരല്ലോ, ഒരു വിഭാഗം മാത്രം പണം ഉണ്ടാക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറയുന്നു. സൂപ്പര്‍ താരങ്ങള്‍ അഞ്ച് മുതല്‍ 15 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. നായികമാര്‍ 50 ലക്ഷം മുതലും ഒരു കോടി വരേയും യുവതാരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടി വരെയും പ്രധാന സഹതാരങ്ങള്‍ 15- 30 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം വാങ്ങുന്നത്.”
കോവിഡിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ ഭൂരിഭാഗം ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഇതോടെ തിയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മാതാക്കളും എല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു. വലിയതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ വന്‍ തുക ലഭിക്കാം. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് ഒടിടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല.
ഈ അടുത്ത കാലത്ത് തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമകളില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറിയത്. പ്രതിഫലം കുറക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. കുറുപ്പ്, അജഗജാന്തരം, ഹൃദയം, ഭീഷ്മപര്‍വ്വം, ജാന്‍ എ മന് അങ്ങനെ വളരെ കുറച്ച് സിനിമകളായിരുന്നു മികച്ച വിജയം നേടിയത്.