മലയാളത്തിൻ്റെ നിത്യയൗവനം 73- ൻ്റെ നിറവിൽ
മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന നമ്മുടെ സ്വന്തം മമ്മൂട്ടിക്ക് ഇന്ന് 73 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് അദ്ദേഹത്തെ ഏവരും വാഴ്ത്താറുള്ളത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് ജനനം. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകൻ.
അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മാത്രമായിരുന്നു മഞ്ചേരിയിൽ അഭിഭാഷക ജോലി ചെയ്തത്. ശേഷം അഭിനയരംഗത്ത് വേരുറപ്പിക്കുകയായിരുന്നു അദ്ദേഹം. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ഇപ്പോള്‍ ലോകത്തിന് മുന്നിൽ മലയാള സിനിമയുടെ തന്നെ മുഖമായ അദ്ദേഹം മലയാളത്തിൻ്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയായുള്ള വളർച്ച സുവർണ്ണ ലിപികളിൽ തിളങ്ങുന്ന ചരിത്രമാണ്.
പ്രേക്ഷകരുടെ മമ്മൂക്ക, പ്രിയപ്പെട്ടവരുടെ ഇച്ചാക്ക സിനിമയിലെത്തിയിട്ട് 53 വര്‍ഷം തികഞ്ഞുകഴിഞ്ഞിരിക്കുന്നു. ആദ്യ സിനിമയിൽ ഒരു പാട്ട് സീനിൽ പേരില്ലാ കഥാപാത്രമായി വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായി തുടങ്ങി ഏറ്റവും ഒടുവിൽ ടർബോ ജോസായി നാന്നൂറിലേറെ സിനിമകൾ പിന്നിട്ട ഫിലിമോഗ്രഫിയുമായി കാലത്തിന് പോലും വിസ്മയമായി അദ്ദേഹം നിലകൊള്ളുന്നു. തന്നെ തന്നെ പുതുക്കി തലമുറകളുടെ ആവേശമായി മാറിയ മലയാളത്തിൻ്റെ വല്യേട്ടന് ഏഴഴകുള്ള 73-ാം ജന്മദിനാശംസകൾ