ചരിത്രമായിമാറിയ ‘ദി കിങ്’ ; 27ാം വാര്‍ഷികം ആഘോഷിച്ച് ഷാജി കൈലാസും മമ്മൂട്ടിയും
കളക്ട്ടര്‍, ഐ എ എസ് എന്നൊക്കെ കേട്ടാല്‍ മലയാളം സിനിമാ പ്രേമികളുടെ മനസ്സില്‍ വരുന്ന ആദ്യത്തെ പേര് ദി കിങ്. മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുക്കി സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ദി കിംഗ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. സുരേഷ് ഗോപി ഗസ്റ്റ് റോളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജി പണിക്കര്‍ ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ ചിത്രം കൂടിയാണ് കിങ്. ചിത്രം പുറത്തിറങ്ങി ഇന്നേക്ക് 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇന്നും ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് പറയാന്‍ ഏറെയുണ്ട്. ഒരു കളക്ടര്‍ ആയാല്‍ മമ്മൂട്ടി അവതരിപ്പിച്ച ജോസഫ് അലക്സ് തേവള്ളിപ്പറമ്പലിനെ പോലെ ആകണമെന്ന് മലയാളികള്‍ പല തവണ പറഞ്ഞതാണ്.
ഇപ്പോഴിതാ 27ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഷാജി കൈലാസും മമ്മൂട്ടിയും. മമ്മൂട്ടിയും ഷാജി കൈലാസും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ദി കിങ്ങിന്റെ രണ്ടാം ഭാഗം വരുമോ എന്ന് ഇപ്പോഴും ആരാധകരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ‘ഈ പടങ്ങളുടേ ഒരു മൂഡ് വൈല്‍ഡ് ആണ്… ആ ബിജിഎം’, ‘വീണ്ടും ഷാജി കൈലാസും മമ്മൂട്ടിയും ഒന്നിക്കുമോ ?’ എന്തോ വലിയത് വരാനുണ്ട് എന്നെല്ലാമാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ പങ്കുവെക്കുന്ന കമന്റുകള്‍. ഈ കോമ്പോയില്‍ വീണ്ടുമൊരു ചിത്രം കാണാനായി കാത്തിരിക്കുന്നുവെന്നും സിനിമാസ്വാദകര്‍ ഒരേസ്വരത്തില്‍ പറയുന്നു.
തേവളളിപ്പറമ്പില്‍ ജോസഫ് അലക്സ് എന്ന കോഴിക്കോട് ജില്ലാ കളക്ടറായി മെഗാസ്റ്റാര്‍ അരങ്ങുവാണ സിനിമ. സിരകളില്‍ തീ പടര്‍ത്തിയ രാജാമണിയുടെ പശ്ചാത്തല സംഗീതം. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 40 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ, ആദ്യ ദിവസങ്ങളില്‍ ഷോ കണ്ടിറങ്ങിയവര്‍ അടുത്ത ഷോയ്ക്കുളള ക്യൂവിലേക്ക് ഓടിക്കയറുന്ന അപുര്‍വ്വ കാഴ്ച്ചകള്‍ക്കും സാക്ഷ്യമായി കിംഗിന്റെ ആദ്യ ദിനങ്ങള്‍. 50 ദിവസങ്ങള്‍ കൊണ്ട് സകല റിക്കാര്‍ഡും തകര്‍ത്ത് മണിച്ചിത്രത്താഴിനെ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റായി. ചിത്രത്തില്‍ നായികയായെത്തിയത് വാണി വിശ്വനാഥ് ആണ്.
മുരളി, ദേവന്, ഗണേശ്, വിജയരാഘവന്, സോമന്, കുതിരവട്ടം പപ്പു, വിജയ് മേനോന്, കെപിഎസി സണ്ണി എന്നിവരോടൊപ്പം സുരേഷ് ഗോപിയും അതിഥി താരമായി എത്തി. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.