
21 ഗ്രാംസിനെ പ്രശംസിച്ച് മലയാള സിനിമയ്ക്ക് എക്കാലത്തെയും ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ
മലയാളസിനിമ ആരാധകർക്ക് സുപരിചിതമായ പേരാണ് പിണകാട്ട് ഡി എബ്രഹാം എന്ന സ്വർഗ്ഗചിത്ര അപ്പച്ചൻ. ഗോഡ്ഫാദർ, മണിച്ചിത്രത്താഴ്, വിയറ്റ്നാംകോളനി, അനിയത്തിപ്രാവ് തുടങ്ങി ഒരുപിടി നല്ല സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. സിബിഐ-5 ദ ബ്രെയിൻ എന്ന മമ്മൂട്ടി ചിത്രമാണ് ഇപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ കഴിഞ്ഞതുകൊണ്ട് തന്നെ അദ്ദേഹത്തിനും നിരവധി ആരാധകരുണ്ട്.
ഇപ്പോഴിതാ അനൂപ് മേനോൻ നായകനായെത്തിയ ക്രൈം ത്രില്ലർ മൂവി 21 ഗ്രാമ്സിനെ പ്രശംസിച്ചുകൊണ്ട് സ്വർഗ്ഗചിത്ര അപ്പച്ചൻ എത്തിയിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമയ്ക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ട്വന്റി വൺ ഗ്രാംസ്. നല്ല സിനിമയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സിനിമ കണ്ടതെന്നും, സിനിമയിലെ അനൂപ് മേനോന്റെ ഗംഭീര പ്രകടനത്തെ കുറിച്ചും സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നു.
ഡിവൈഎസ്പി നന്ദകിഷോർ എന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥനായുള്ള കഥാപാത്രത്തെ അനൂപ് മേനോൻ ഏറ്റവും മികച്ച രീതിയിൽ തന്നെ ചെയ്തു. മികച്ച പോലീസ് ഉദ്യോഗസ്ഥനാണ് നന്ദകിഷോർ. അതേസമയം കുടുംബത്തോട് വളരെയധികം സ്നേഹം പുലർത്തുന്ന കുടുംബനാഥനുമാണ്. ഈ രണ്ടു സ്വഭാവത്തെയും ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടു പോകാൻ അനൂപ് മേനോന് കഴിയുന്നുണ്ട്. അതുപോലെ തന്നെ ഒരു മിനിറ്റ് പോലും പ്രേക്ഷകരെ മടുപ്പിക്കാതെ രീതിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്നും പറയുന്നുണ്ട്.
കൊച്ചി നഗര പശ്ചാത്തലമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ദുരൂഹമായ കൊലപാതകങ്ങളും, അത് കണ്ടെത്താനായുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ യാത്രയും സിനിമയിൽ കാണാം. ഉദ്വേഗഭരിതമായ നിമിഷങ്ങളും, പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലുള്ള ട്വിസ്റ്റുകളും സിനിമയെ കൂടുതൽ മനോഹരമാക്കുന്നു. അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളുടെ മുൻനിരയിൽ തന്നെ 21 ഗ്രാംസും തീർച്ചയായും ഉണ്ടാകുമെന്നും സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നുണ്ട്.
മാത്രമല്ല അനൂപ് മേനോനും സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളും താരം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സിനിമകൾ സമ്മാനിച്ച സ്വർഗചിത്ര അപ്പച്ചൻ തന്നെ 21 ഗ്രാംസ് എന്ന സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുന്നത് ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്ന വാർത്തയാണ്. നിരവധി ആരാധകർ അദ്ദേഹത്തിൻ്റെ വാക്കുകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു കഴിഞ്ഞു. അതേസമയം സിബിഐ ഫൈവ് ദ ബ്രെയിൻ, സിനിമയുടെ അവസാനഘട്ട പ്രവർത്തനങ്ങളിലാണ് ഇപ്പോൾ താരം.