‘2018’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി
1 min read

‘2018’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടിയിരുന്നു. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടുവെന്നുള്ള വാര്‍ത്തയാണ് വരുന്നത്. കന്നഡ സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടിയാല്‍ മാത്രമേ ചിത്രത്തിന് അവാര്‍ഡിന് അര്‍ഹതയുള്ളൂ. കലാപരമായും മികച്ചുനിന്നു 2018. ബോക്‌സ് ഓഫീസില്‍ 2018 പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

 

അതേസമയം നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്ന് മറ്റൊരു നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്‌ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം ആയിരുന്നു അത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയും പ്രളയകാലത്ത് സ്വയം ഹീറോ ആയിമാറുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

തെലുങ്കില്‍ 2018 നേടിയത് 10 കോടിയില്‍ അധികമാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. സോണി ലിവിലാണ് 2018ന്റെ സ്ട്രീമിംഗ്. ടൊവിനോ തോമസിനും ആസിഫ് അലിക്കും കുഞ്ചാക്കോ ബോബനും പുറമേ നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനന്‍, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവന്‍ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് ‘2018’ല്‍ വേഷമിട്ടത്. തിരക്കഥയില്‍ അഖില്‍ ധര്‍മജനും പങ്കാളിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു 2018. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ ‘2018’ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നില്ല എന്ന വിമര്‍ശനവും ചിത്രത്തിനുണ്ടായിരുന്നു.