അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍; ‘മലൈക്കോട്ടൈ വാലിബന്’ ബ്രഹ്മാണ്ഡ ചിത്രം, ഒരുങ്ങുന്നത് 100 കോടി ബജറ്റില്‍
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്’ .സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. മോഹന്‍ലാലും ഹരീഷ് പേരടിയും മണികണ്ഠന് ആചാരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേകതാക്കളെല്ലാം ഉത്തരേന്ത്യന്‍ താരങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ചിത്രീകരണമുണ്ടാകും.
സിനിമയുടെ ചിത്രീകരണത്തിന്റെ തുടക്കം രാജസ്ഥാനിലാണ്. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന് ഷെഡ്യൂള്‍ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും ‘മലൈക്കോട്ടൈ വാലിബന്’. ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്നാണ് സിനിമാപ്രേമികള്‍ക്കിടയിലെ അഭ്യൂഹങ്ങള്‍.
ചിത്രത്തില്‍ 10-15 കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം അഞ്ച് കോടിയാണ്. ഈ മാസം 18-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഒക്ടോബര്‍ 25ന് ആയിരുന്നു ഈ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം.
അതേസമയം, മോഹന്‍ലാലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന എലോണ്‍. ജനുവരി 26നാണ് ചിത്രത്തിന്റെ റിലീസ്. 2023ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ എലോണ്‍ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.