സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല ; ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജയറാം എത്തുന്നത്  രണ്ട് ഭാവങ്ങളില്‍
1 min read

സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല ; ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജയറാം എത്തുന്നത് രണ്ട് ഭാവങ്ങളില്‍

അത്രക്ക് പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയ കുടുംബ നായകൻ ആയിരുന്നു ജയറാം. ഒരു നിയോഗം പോലെ പത്മരാജൻ കണ്ടെത്തിയ നായകൻ. മിമിക്രി കാസറ്റ് കണ്ട് തന്റെ അടുത്തേക്ക് വരാൻ പറഞ്ഞുകൊണ്ട് അയച്ച ടെലിഗ്രാമിൽ നിന്ന് തുടങ്ങിയതാണ് 32 വർഷത്തെ ജയറാമിന്റെ സിനിമ ജീവിതം. വിശ്വനാഥന്റെയും ഉത്തമന്റെയും ജീവിതം പറഞ്ഞ ഒരു മനോഹര ചിത്രമായ അപരൻ ജനനം നൽകിയത് ഒരു മനോഹര നായകന് കൂടിയായിരുന്നു. മൂന്നാം പകത്തിലെ പാച്ചുവും ഇന്നലെയിലെ ശരത്തും എല്ലാം കാണിച്ച് തന്നത് ആ മനോഹര സംവിധായകന്റെ മനോഹര കണ്ടെത്തലിന്റെ വിജയങ്ങളായിരുന്നു. നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്ത് ജയറാം മലയാളത്തിൽ നിറഞ്ഞ് നിൽക്കണമെന്ന് മലയാളികൾ ആഗ്രഹിക്കുന്നുണ്ട്.പക്ഷെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമാണ് താരത്തിന് ഏറെയും അവസരങ്ങൾ വരുന്നത്.

മലയാളത്തില്‍ ഇനി അഭിനയിക്കുകയാണെങ്കില്‍ അത് അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ഗുണം ചെയ്യുന്ന ചിത്രങ്ങളായിരിക്കണമെന്ന് കുറച്ചുനാള്‍ മുന്‍പ് ജയറാം തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഒരു ചിത്രം പോലും അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയില്ല. പക്ഷേ മറ്റ് മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിലായി അഞ്ച് ചിത്രങ്ങളാണ് 2023 ല്‍ ജയറാമിന്‍റേതായി പുറത്തെത്തിയത്. ഇപ്പോഴിതാ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ജയറാം നായകനായി ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. അതേ വാരാന്ത്യത്തില്‍ തന്നെ അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രവുമുണ്ട്!

അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‌ലർ’ ആണ് ചിത്രം. ജയറാം പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ചിത്രം ജനുവരി 11 ന് റിലീസ് ചെയ്യും. നേരമ്പോക്കിന്റെ ബാനറിൽ മിഥുനും ഇർഷാദ് എം ഹസനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോക്ടർ രൺധീർ കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം തൊട്ടുപിറ്റേദിവസമായ വെള്ളിയാഴ്ച ജയറാം അഭിനയിച്ച മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. മഹേഷ് ബാബു നായകനാവുന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ഗുണ്ടൂര്‍ കാരം ആണ് അത്. സര്‍ക്കാരുവാരി പാട്ടയ്ക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മഹേഷ് ബാബു ചിത്രം എന്ന നിലയില്‍ ടോളിവുഡ് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണിത്. ശ്രീലീല നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബുവും രമ്യ കൃഷ്ണനും പ്രകാശ് രാജുമൊക്കെ എത്തുന്നുണ്ട്. ഒരു പ്രധാന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഇന്നലെ പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലറിന് 12 മണിക്കൂര്‍ കൊണ്ട് ലഭിച്ചത് 19 മില്യണ്‍ കാഴ്ചകളാണ് എന്നതില്‍ നിന്നുതന്നെ ഈ ചിത്രത്തിന്‍റെ ഹൈപ്പ് ഊഹിക്കാവുന്നതേയുള്ളൂ. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ രണ്ട് ഭാഷകളില്‍ അഭിനയിച്ച മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയ രണ്ട് ചിത്രങ്ങളുടെ റിലീസ് സംഭവിക്കുക എന്ന അപൂര്‍വ്വതയാണ് ജയറാമിനെ സംബന്ധിച്ച്. ഓസ്‍ലറിലൂടെ ജയറാമിന് ഇടവേളയ്ക്ക് ശേഷം ഒരു ബോക്സ് ഓഫീസ് വിജയം ലഭിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.