” ഒരു വശത്ത് അദ്ദേഹം ഭ്രമയുഗത്തിലെ ചെകുത്താനെ അവതരിപ്പിക്കുന്നു. അതേയാള്‍ തന്നെ കാതല്‍ ദി കോര്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നു ” ; അനുരാഗ് കശ്യപ്
ബോളിവുഡിനെ അപേക്ഷിച്ച് തെന്നിന്ത്യന്‍ സിനിമയ്ക്ക് ഉള്ള ഗുണങ്ങളെക്കുറിച്ചും മലയാള സിനിമയോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ചും പലപ്പോഴായി പറഞ്ഞിട്ടുള്ള ആളാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇപ്പോഴിതാ മമ്മൂട്ടിയെ ഉദാഹരണമാക്കി മലയാള സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. തിരക്കഥയുടെ മികവിനേക്കാള്‍ ബോളിവുഡ് ഒരു താരം നോക്കുന്നത് ആ സംവിധായകന് ഹിറ്റുകള്‍ ഉണ്ടോ എന്നാണെന്ന് അനുരാഗ് കശ്യപ് പറയുന്നു. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ലെന്നും.
“എനിക്ക് മനസിലാവാത്ത, ഞാന്‍ വിശ്വസിക്കാത്ത ഒന്നാണ് സൂപ്പര്‍താര സങ്കല്‍പം. അതേസമയം മലയാളത്തിലേക്ക് നോക്കുമ്പോള്‍ അഭിനയജീവിതത്തിലെ ഈ സമയത്ത് ഒരു അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടി ഒരുപാട് ചാന്‍സുകള്‍ എടുക്കുന്നതായി കാണാം. ഒരു വശത്ത് അദ്ദേഹം ഭ്രമയുഗത്തിലെ ചെകുത്താനെ അവതരിപ്പിക്കുന്നു. അതേയാള്‍ തന്നെ കാതല്‍ ദി കോര്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നു. തുടര്‍ച്ചയായി അദ്ദേഹം ചാന്‍സ് എടുക്കുകയാണ്. സംവിധായകരിലാണ് അദ്ദേഹം വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ ബോളിവുഡിലാണ് നിങ്ങള്‍ ഒരു താരത്തെ സമീപിക്കുന്നതെങ്കില്‍ നിങ്ങള്‍ മുന്‍പ് ഹിറ്റുകള്‍ ചെയ്തിട്ടുണ്ടോ എന്നാവും അവര്‍ക്ക് അറിയേണ്ടത്. ആ ഗ്യാരന്‍റി അവര്‍ക്ക് വേണം”, അനുരാഗ് പറയുന്നു.
“ബോളിവുഡില്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന തിരക്കഥ തന്നെ താരങ്ങള്‍ കാര്യമായി നോക്കില്ല. നിങ്ങള്‍ ചെയ്ത അവസാന ചിത്രമാണ് അതിലും കാര്യമായി അവര്‍ പരിഗണിക്കുക. അത് ബോക്സ് ഓഫീസില്‍ വര്‍ക്ക് ആയോ എന്ന് നോക്കും. ഹിന്ദിയും തെന്നിന്ത്യയും തമ്മിലുള്ള വ്യത്യാസം അതാണ്. തെന്നിന്ത്യയിലാണെങ്കില്‍ ഒരു ചെറിയ സിനിമ എടുത്ത സംവിധായകനാണെങ്കിലും അതൊരു നല്ല ചിത്രമാണെങ്കില്‍ താരങ്ങള്‍ക്ക് അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടാവും”, ഹ്യൂമന്‍സ് ഓഫ് സിനിമ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ് വ്യക്തമാക്കി.