രണ്ടാം തവണ വിജയം കണ്ടില്ല, ചിത്രം വൻ പരാജയം; ഇപ്പോൾ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്ക് കൂടി
ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കി ഇറങ്ങിയ ചിത്രമായിരുന്നു യാത്ര. 2019 ൽ പുറത്തെത്തിയ ഈ തെലുങ്ക് ചിത്രം തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വൈഎസ്ആർ ആയി മമ്മൂട്ടിയാണ് എത്തിയത് എന്നതിനാൽ മലയാളി സിനിമാപ്രേമികളും ശ്രദ്ധിച്ച സിനിമ ആയിരുന്നു ഇത്. ചിത്രത്തിൻറെ രണ്ടാം ഭാഗമായ യാത്ര 2 ഈ വർഷം ഫെബ്രുവരി 8 നാണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ തിയറ്ററിൽ വൻ പരാജയമായിരുന്നു ഈ ചിത്രം.
ചിത്രം ഒടിടിയിൽ നേരത്തെ സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി എത്തിയിരിക്കുകയാണ് യാത്ര 2. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം നേരത്തേ സ്ട്രീമിങ്ങ് ആരംഭിച്ചത്. തെലുങ്ക് ഒടിടിയായ അഹ വീഡിയോയിലും ചിത്രം ഇപ്പോൾ പ്രദർശനം തുടങ്ങിയിരിക്കുകയാണ്. 50 കോടി ബജറ്റിൽ എത്തിയ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടാനായത് വെറും 9 കോടി മാത്രമാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നുള്ള ആകെ നേട്ടം 7.3 കോടി ആയിരുന്നു.
വൈഎസ്ആറിന്റെ ജീവിതമാണ് യാത്ര പറഞ്ഞതെങ്കിൽ വൈഎസ്ആറിൻറെ മകനും ആന്ധ്ര പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കായിരുന്നു യാത്ര 2 ൽ പ്രാധാന്യം. വൈഎസ്ആർ ആയി മമ്മൂട്ടി എത്തിയ ചിത്രത്തിൽ ജഗൻ മോഹൻ റെഡ്ഡിയായി എത്തിയത് ജീവ ആയിരുന്നു. സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖഡേക്കർ, വിജയചന്ദർ, തലൈവാസൽ വിജയ്, സൂര്യ, രവി കലേ, ദിൽ രമേഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.