‘മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര 2വും ഉണ്ടാകുമായിരുന്നില്ല’; തുറന്ന് പറഞ്ഞ് സംവിധായകൻ
1 min read

‘മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര 2വും ഉണ്ടാകുമായിരുന്നില്ല’; തുറന്ന് പറഞ്ഞ് സംവിധായകൻ

അഭിനയത്തിൽ 52 വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം. അരനൂറ്റാണ്ട് കാലം മലയാള സിനിമ ഭരിച്ച നടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. 72 വയസ് തികഞ്ഞിട്ടും പഴയ മോടിയും അഴകും ചെറുപ്പവും നിലനിൽക്കുന്ന താരത്തോട് അസൂയയാണെന്ന് പൊതുവേദിയിൽ സൂപ്പർതാരങ്ങളടക്കം പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ 53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയ നടനെന്ന നേട്ടവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. മികച്ച നടനുള്ള 6 സംസ്ഥാന അവർഡുകൾ, മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡ്, ഫിലിംഫെയർ അവാർഡുകളുമടക്കം അദ്ദേഹം നേടി. ഇന്നും സിനിമയോടുള്ള അഭിനിവേശം വിട്ടുമാറാത്ത ഒരു പുതുമുഖ നടന്റെ ചുറുചുറുക്കോടെയാണ് ഓരോ സിനിമയേയും മമ്മൂട്ടി സമീപിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും മമ്മൂട്ടി നിറഞ്ഞാടിയ ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും ഉണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധേയമായ സിനിമയാണ് ‘യാത്ര’. മമ്മൂട്ടി 26 വർഷത്തിന് ശേഷം അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു ഇത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രത്തിൽ ആ വേഷത്തിൽ എത്തിയത് മമ്മൂട്ടി ആയിരുന്നു. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകർന്നാടിയപ്പോൾ മലയാളികൾ ഉൾപ്പടെ ഉള്ളവർ അതേറ്റെടുത്തു. നിലവിൽ യാത്ര 2വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ഇതിനോട് അനുബന്ധിച്ചുള്ള ചില സ്റ്റില്ലുകളും മറ്റും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് യാത്ര 2വിൽ പറയുന്നത്. രാജശേഖര റെഡ്ഡിയുടെ ഏതാനും ഭാഗങ്ങൾ അഭിനയിക്കാൻ മമ്മൂട്ടിയും ഉണ്ട്. അദ്ദേഹത്തിന്റെ രംഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നാണ് വിവരം.

ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകൻ മഹി വി രാഘവ്. “യാത്രയുടെ അവസാന ഷോട്ട് ചിത്രീകരിച്ചിട്ട് അഞ്ച് വർഷമായി, മമ്മൂട്ടി സാർ സെറ്റിലെത്തി കഥാപാത്രത്തിന് ജീവൻ പകരുന്നത് കണ്ടപ്പോൾ ദേജാവു അനുഭവമാണ് എനിക്കുണ്ടായത്. താങ്കൾ ഇല്ലാതെ യാത്രയും യാത്ര 2ഉം ഉണ്ടാകുമായിരുന്നില്ല മമ്മൂട്ടി സാർ. ഈ അവസരത്തിന് ഞാൻ നന്ദി അറിയിക്കുന്നു. ഞാൻ എന്നേക്കും നന്ദിയുള്ളവൻ ആയിരിക്കും”, എന്നാണ് മഹി വി രാഘവ് കുറിച്ചത്.

ചിത്രത്തിലേക്കായി 14കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലം എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ ജീവയും പ്രധാന വേഷത്തിൽ സിനിമയിലെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി 8 2024 ന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ വൈ എസ് രാജശേഖർ റെഡ്ഡി ആയി മമ്മൂട്ടി എത്തുമ്പോൾ അദ്ദേഹത്തിന്റെ മകനും ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയെയാണ് ജീവ അവതരിപ്പിക്കുന്നത്.

2019 ൽ പുറത്തിറങ്ങിയ യാത്ര ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2004 മെയ് മുതൽ 2009 ജൂൺ വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജശേഖർ റെഡ്ഡിയുടെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ജഗപതി ബാബു, സുഹാസിനി, റാവു രമേശ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. തെലുങ്കിൽ ഒരുക്കിയ യാത്ര മലയാളത്തിലും തമിഴിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.