”പ്രേമലു രണ്ട് തവണ കണ്ടു, ഭ്രമയു​ഗവും കണ്ടു, മലയാള സിനിമയുള്ളത് അതിന്റെ മികച്ച ഫോമിൽ”; വിജയ് സേതുപതി
1 min read

”പ്രേമലു രണ്ട് തവണ കണ്ടു, ഭ്രമയു​ഗവും കണ്ടു, മലയാള സിനിമയുള്ളത് അതിന്റെ മികച്ച ഫോമിൽ”; വിജയ് സേതുപതി

2024 മലയാള സിനിമയുടെ തലവര മാറ്റിയ വർഷമാണെന്ന് അക്ഷരം തെറ്റാതെ പറയാതെ പറയാം. ഇറങ്ങുന്ന സിനിമകളെല്ലാം പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ മലയാളം സിനിമകൾ ആണ് ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം തുടങ്ങിയ മിക്ക സിനിമകളും സൗത്ത് ഇന്ത്യയിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു.

ഇതിനിടെ മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ മക്കൾ സെൽവം വിജയ് സേതുപതി. പ്രേമലു താൻ രണ്ടുതവണ കണ്ടു എന്നാണ് വിജയ് സേതുപതി പറയുന്നത്. വളരെ മനോഹരമായ സിനിമയാണ് പ്രേമലു, സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ മാത്രമല്ല, എല്ലാവരും അത്ഭുപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

പ്രേമലു മാത്രമല്ല, മമ്മൂട്ടി നായകനായെത്തിയ ഹൊറർ ഡ്രാമ ഭ്രമയുഗം അടക്കം മലയാളത്തിൽ അടുത്തിടെയിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും താൻ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വിജയ് സേതുപതി പറയുന്നുണ്ട്. മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച രീതിയിലാണെന്ന് ഇപ്പോഴുള്ളതെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ എഫ്എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മലയാളെ സിനിമകളെക്കുറിച്ച് സംസാരിക്കുന്നത്.

ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഇറങ്ങിയ പ്രേമലു റൊമാന്റിക് ഡ്രാമയായാണ് തിയേറ്ററുകളിലെത്തിയത്. നസ്ലിനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ ശ്യാം മേഹൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ, അൽത്താഫ്, ഷമീർ ഖാൻ, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഹൊറർ ഡ്രാമയായി തിയേറ്ററിലെത്തിയ ഭ്രമയു​ഗം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആയിരുന്നു. മമ്മൂട്ടി ​ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു തിയേറ്ററുകളിൽ.

അതേസമയം, മമ്മൂട്ടി ചിത്രം ‘ടർബോ’യുടെ ഭാഗമായിരുന്നു വിജയ് സേതുപതി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ ശബ്ദം നൽകിയത് വിജയ് സേതുപതിയായിരുന്നു. വിജയ് സേതുപതിക്ക് മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ടർബോ- 2 ഇറങ്ങുമ്പോൾ വിജയ് സേതുപതി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.