”നൻപകൽ നേരത്ത് മയക്കം എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് സജസ്റ്റ് ചെയ്തു”; വിജയ് സേതുപതി
1 min read

”നൻപകൽ നേരത്ത് മയക്കം എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് സജസ്റ്റ് ചെയ്തു”; വിജയ് സേതുപതി

മ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. വിവിധ കോണുകളിൽ നിന്നും ചിത്രം പ്രശംസിക്കപ്പെട്ടു. ഇപ്പോൾ ഈ സിനിമയെ അഭിനന്ദിച്ച് നടൻ വിജയ് സേതുപതി രം​ഗത്തെത്തിയിരിക്കുകയാണ്. വല്ലാത്ത അനുഭവം നൽകിയ സിനിമയാണ് അതെന്നും പലരോടും അത് കാണാൻ താൻ നിർദേശിക്കുകയും ചെയ്തിരുന്നു എന്നാണ് വിജയ് സേതുപതി പറയുന്നത്.

”നൻപകൽ നേരത്ത് മയക്കം കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോൾ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവർക്കും ആ സിനിമ മനസിലാകുമെന്ന് കരുതുന്നില്ല. എന്നാൽ ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.”

”ആ സിനിമയിൽ ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേസമയം രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. നൻപകൽ നേരത്ത് മയക്കം രണ്ടുതവണ കണ്ടു. രണ്ടാമത് കണ്ടപ്പോഴാണ് ചിത്രത്തിൽ നിഴലുകൾക്കുള്ള പ്രധാന്യം മനസിലായത്” എന്നാണ് വിജയ് സേതുപതി പറയുന്നത്. ഒരു സ്വകാര്യ എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

പ്രേമലുവും രണ്ട് തവണ കണ്ടെന്ന് സേതുപതി പറയുന്നുണ്ട്. വളരെ മനോഹരമായ ചിത്രമായിരുന്നു അത്. നായികയും നായകനും മാത്രമല്ല എല്ലാ കഥാപാത്രങ്ങളും രസമായിരുന്നു. കൂടാതെ മഞ്ഞുമ്മൽ ബോയ്‌സ്, ഭ്രമയുഗം, കാതൽ എന്നീ സിനിമകൾ ഒക്കെ കണ്ടുവെന്നും വിജയ് സേതുപതി പറഞ്ഞു.

അതേസമയം, 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു വരുന്ന പ്രൊഫഷണൽ നാടക സംഘത്തിലെ അംഗമായ ജെയിംസ് ഒരു തമിഴ് ഗ്രാമത്തിൽ വണ്ടി നിർത്താൻ ആവശ്യപ്പെടുകയും, അവിടെ നിന്നും രണ്ട് വർഷം മുമ്പ് കാണാതായ സുന്ദരത്തെ പോലെ പെരുമാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.