‘എല്ലാ എടമും നമ്മ എടം’….! ആകാംഷ നിറച്ച് വിജയ് ചിത്രം വാരിസിന്റെ ട്രെയ്ലര് പുറത്ത്
വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ വാരിസിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിജയ് ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകരെയും പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാകും വാരിസെന്ന് ട്രെയിലര്‍ ഉറപ്പു നല്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വരിശ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് അടുത്തിടെ പുറത്തുവിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്. ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരളത്തില്‍ പതിവുപോലെ വിജയ് നായകനാകുന്ന ചിത്രം വലിയ ആഘോഷത്തോടെയാകും റിലീസ് ചെയ്യുക. വിജയ്യുടെ വാരിസിനൊപ്പം അജിത്തിന്റെ തുനിവ് എന്ന ചിത്രവും ഈ പൊങ്കല്‍ കാലത്ത് തിയറ്ററുകളില്‍ എത്തും. കേരളത്തില്‍ ഇതുവരെയായി നൂറിലധികം ഫാന്‍സ് ഷോകള്‍ തീരുമാനിച്ചുവെന്നും കൊല്ലത്ത് മാത്രം ലേഡീസ് ഫാന്‍സ് ഷോ ഉള്‍പ്പടെ 13 എണ്ണം ചാര്ട്ടായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ്വാരിസ്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ‘വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.