മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ വില്ലന്‍ ഈ ബോളിവുഡ് സൂപ്പര്‍താരം
സസ്പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന് എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയില്‍ അഭിനയിക്കുന്ന ഒരു താരത്തിന്റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും കാണാന്‍ സാധിക്കും. ഓള്‍ഡ് മങ്ക്സും ചിത്രകാരന് കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന എന്ന് ടൈറ്റിലിന് മുകളില്‍ കൊടുത്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയെന്ന് ടൈറ്റിലിനു മുകളില്‍ കാണാനും സാധിക്കും.
ഇപ്പോഴിതാ, ചിത്രത്തില്‍ വലിയ താരങ്ങള്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സേത്ത് ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്ത് ഡാനിഷ് തന്നെ ഇക്കാര്യം ഉറപ്പിച്ചു.
എന്നാലിപ്പോള്‍ ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തില്‍ വില്ലനായെത്തുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് ചിത്രത്തിലെത്തുന്നത്. അത് കൊണ്ട് തന്നെ മാര്‍ഷ്യല്‍ ആര്‍ട്സില്‍ പ്രാവീണ്യമുള്ള വിദ്യൂത് വില്ലനായെത്താനുള്ള സാധ്യതകള്‍ ഏറെയാണ്.
അതേസമയം, ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 10ന് ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന് ആണ്. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന് ഷെഡ്യൂള്‍ നീണ്ടുനില്‍ക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയാകും ഇത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ -ലിജോ ടീമില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു വമ്പന്‍ ചിത്രം ആയിരിക്കുമെന്ന് നടന് പൃഥ്വിരാജും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.