കോടികള്‍ വാരികൂട്ടിയ വിജയിയുടെ വാരിസ് ഒടിടിയിലേക്ക്
വിജയിയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രവും ഇത് തന്നെയാണ്. റിലീസ് ചെയ്തതിന് പിന്നാലെ നിരവധി മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരുന്നത്. ഇപ്പോഴിതാ, ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയ്യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.
വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര് ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
അതേസമയം, പുതുമയുള്ള കഥയൊന്നുമല്ല വാരിസിന്റേതെങ്കിലും വംശിയുടെ പുതുമ നിറഞ്ഞ ട്രീറ്റ്മെന്റ് ആണ് വാരിസിനെ വേറിട്ടതാക്കുന്നതെന്നാണ് പ്രേക്ഷകര്‍ സിനിമ കണ്ടപ്പോള്‍ പറഞ്ഞത്. തെലുങ്ക് സംവിധായകനായ വംശി ‘തോഴാ’ എന്ന ചിത്രത്തിനുശേഷം ചെയ്യുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് വാരിസ്. തെലുങ്കിലെ സമീപകാല ഹിറ്റുകളായ ‘ശ്രീമന്തുഡു’, ‘അലാ വൈകുണ്ഠാപുരമുലൂ’, ‘മഹര്‍ഷി’ തുടങ്ങിയ സിനിമകളുടെ അതേ കഥാഗതികള്‍ ചേര്‍ത്തുവച്ചാണ് വാരിസും തയാറാക്കിയിരിക്കുന്നത്.