അജിത്ത് നായകനായെത്തിയ ‘തുനിവ്’ ഒടിടിയിലേക്ക് ; റിലീസ് തിയ്യതി പുറത്തുവിട്ടു
1 min read

അജിത്ത് നായകനായെത്തിയ ‘തുനിവ്’ ഒടിടിയിലേക്ക് ; റിലീസ് തിയ്യതി പുറത്തുവിട്ടു

ന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതന്ന സിനിമയാണ് അജിത്ത് നായകനായെത്തിയ തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരാണ് ‘തുനിവി’ല്‍ നായികയായി അഭിനയിച്ചത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിച്ച ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. തുനിവ്’ ഇതിനകം തന്നെ 200 കോടി ക്ലബില്‍ എത്തിയിരുന്നു. ‘വിശ്വാസം’, ‘വലിമൈ’ എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷന്‍ നേടിയത്. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ഹിറ്റ്‌മേക്കര്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത്ത് ഇനി നായകനാകുക എന്നാണ് റിപ്പോര്‍ട്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‌കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്.

‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറന്‍സുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ വന്‍ ആകാംഷയിലാണ് ആരാധകര്‍.