അജിത്തിനെ പിന്നിലാക്കി വിജയ്; കേരളത്തില്‍ നിന്ന് മാത്രം വാരിസ് നേടിയത് 11.3 കോടി കളക്ഷന്‍
തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍
കഴിഞ്ഞ 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവും വിജയ്‌യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസുമനാണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു സിനിമകള്‍ക്കും മിച്ച പ്രതികരണങ്ങള്‍ തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളമുള്‍പ്പെടെ ചിലയിടങ്ങളില്‍ വാരിസ് നേടിയ മാര്‍ജിന്‍ ഏറെ ശ്രദ്ധേയവുമാണ്.
കേരളത്തിലും മികച്ച തിയേറ്റര്‍ കൗണ്ട് ആയിരുന്നു വിജയ്, അജിത്ത് ചിത്രങ്ങള്‍ക്ക്. ഇപ്പോഴിതാ ആദ്യ വാരം ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്ക് അനുസരിച്ച് അജിത്തിന്റെ തുനിവ് ആദ്യവാരം കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത് 5.10 കോടി ആണ്. അതേസ്ഥാനത്ത് വിജയ് ചിത്രം വാരിസ് കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത് 11.3 കോടിയും. ഏകദേശം മൂന്നിരട്ടിയോളം കൂടിയ മാര്‍ജിനിലാണ് വിജയ് ചിത്രത്തിന്റെ കേരളത്തിലെ കളക്ഷന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. എന്നാല്‍ തമിഴ് നാട്ടില്‍ മാത്രം അജിത്ത് ചിത്രം നേടിയത് 107. 5 കോടിയാണ്. കര്‍ണാടകയില്‍ 11 കോടിയും ചിത്രം നേടി.
ഒരു മാസ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‌യുടെ നായികയായി ചിത്രത്തില്‍ എത്തുന്നത് വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അതേസമയം, ഒരു ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് അജിത്ത് നായകനായി എത്തിയ തുനിവ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.