കെ.എസ്.സി.എ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന് സമ്മാനിക്കും
മാളികപ്പുറം സിനിമ നേടിയ വമ്പന്‍ വിജയത്തിന് ശേഷം മലയാളത്തിലെ യുവനടന്മാരില്‍ ഒരാളായ ഉണ്ണി മുകുന്ദനുള്ള പ്രേക്ഷകപ്രീതിയില്‍ കാര്യമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ആ സിനിമയില്‍ അയ്യപ്പസ്വാമിയായി അഭിനയിച്ചതിന് പിന്നാലെ നിരവധി പുരസ്‌കാരങ്ങളാണ് താരത്തെ തേടിയെത്തിയത്.
ഇപ്പോഴിതാ, ബഹ്റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ നല്‍കി വരുന്ന മന്നം പുരസ്‌കാരം നടസമ്മാനിക്കും. നളകല അവാര്‍ഡ് പഴയിടം മോഹനന്‍ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാര്‍ഡ് പെരുവനം കുട്ടന്‍ മാരാര്‍ക്കും, വൈഖരി അവാര്‍ഡ് ശ്രീജിത്ത് പണിക്കര്‍ക്കും, ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് കെ.ജി. ബാബുരാജനും, ബിസിനസ് എക്‌സ്സെലെന്‍സ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് ശരത് പിള്ളയ്ക്കും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ 21ന് 146ആമത് മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇസാടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. മെയ് ആദ്യ വാരം മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന ബാലകലോത്സവവും ഇത്തവണ സംഘടിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. അഞ്ച് വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ബാലകലോത്സവത്തില്‍ പങ്കെടുക്കാം. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് കലോല്‍സവം നടത്തുക.
നേരത്തെ നടന്‍ കൃഷ്ണപ്രസാദിന്റെ പിതാവായ എന്‍.പി ഉണ്ണിപ്പിള്ളയുടെ പേരിലുള്ള സംഘടന ഏര്‍പ്പെടുത്തിയ യുവശ്രേഷ്ഠാ പുരസ്‌കാരവും, വിദ്യാഗോപാല മന്ത്രാര്‍ച്ചന പുരസ്‌കാരവും ലഭിച്ചിരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി നല്‍കുന്നതാണ് പുരസ്‌കാരമായിരുന്നു ഉണ്ണിമുകുന്ദനെ തേടിയെത്തിയത്.