ഇന്ദ്രൻസ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ഉടൽ ഒടിടിയിലേക്ക്; ജനുവരി അഞ്ച് മുതൽ സ്ട്രീം ചെയ്യും
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഉടൽ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 5 മുതൽ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രദർശനാവകാശം സൈന പ്ലേയാണ് സ്വന്തമാക്കിയിരിക്കുന്നത്.
തിയറ്ററുകളിലാകെ ഭീതി പടർത്തിയ ‘ഉടൽ’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷ ഒട്ടും ചോരാതെ ഈ ചിത്രം കാണാൻ കഴിയുമെന്നതാണ് പ്രത്യേകത.
റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഒടിടിയിലേക്ക് എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്നു ‘ഉടൽ’ ഇതുവരെ. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചർച്ചകൾ നടക്കുന്ന സാഹചര്യത്തെ തുടർന്നാണ് ഒടിടി റിലീസ് വൈകിയതെന്ന് നിർമ്മാതാക്കൾ അറിക്കുകയും ചെയ്തിരുന്നു. പ്രവീണും ബൈജു ഗോപാലനുമാണ് ‘ഉടൽ’ന്റെ സഹനിർമ്മാതാക്കൾ.
കുട്ടിച്ചായൻ എന്ന കഥാപാത്രമായെത്തി ഇന്ദ്രൻസ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ കിരൺ എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായ് ദുർഗ കൃഷ്ണ പ്രേക്ഷക മനസിൽ ഇടം നേടി. ജൂഡ് ആന്റണി ജോസഫാണ് മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്തത്.