ടർബോ ജോസിനെ മാസാക്കിയ ‘ബേണൗട്ട് ദി എൻജിൻ’ ട്രാക്ക് എത്തി
മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ എൻഡ് ക്രെഡിറ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഇംഗ്ലീഷ് ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ബേണൗട്ട് ദി എൻജിൻ എന്ന ട്രാക്ക് ആണ് എത്തിയിരിക്കുന്നത്. ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ വീണ്ടുമൊരു മമ്മൂട്ടി ചിത്രത്തിന് സംഗീതം പകർന്നത് ടർബോയിലൂടെയാണ്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ക്രിസ്റ്റോയുടെ സംഗീതത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.
പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതായിരുന്നു ടർബോയുടെ പ്രധാന യുഎസ്‍പി. വമ്പൻ സ്ക്രീൻ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ചിത്രത്തിൽ കൈയടി നേടുന്ന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്.