മമ്മുട്ടിയുടെ ‘ടര്‍ബോ’ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
1 min read

മമ്മുട്ടിയുടെ ‘ടര്‍ബോ’ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ചിത്രം ജൂലൈ 12 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ് സോണി ലിവിന്‍റെ പ്രഖ്യാപനം. ചിത്രം ഓഗസ്റ്റില്‍ എത്തുമെന്നാണ് സോണി ലിവ് ഒരു ടീസറിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

മെയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. മാസ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനുമാണ് ടര്‍ബോ നേടിയത്.

പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.