ഒരിക്കൽ മിന്നിത്തിളങ്ങിയ താരം, ടി പി മാധവൻ യാത്രയാകുമ്പോള്‍
ഒരിക്കല്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരം ടി പി മാധവൻ വിടപറഞ്ഞിരിക്കുന്നു. വാര്‍ദ്ധക്യ കാലത്ത് യാതന നിറഞ്ഞതായിരുന്നു താരത്തിന്റെ ജീവിതം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി. മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവൻ താമസിച്ചിരുന്നത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടി.പി മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്. 600ലേറെ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.
കലോത്സവങ്ങളിലെ അരങ്ങുകളിലൂടെ ആയിരുന്നു മാധവൻ ആദ്യം തിളങ്ങിയത്. അഗ്ര സര്‍വകലാശാലയിലെ ബിരുദാന്തര ബിരുദത്തിന് ശേഷം കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. പിന്നീട് പരസ്യക്കമ്പനിയിലും ജോലി ചെയ്‍തു. ഒരു പരസ്യക്കമ്പനി തുടങ്ങുകയും ചെയ്‍തു. എന്നാല്‍ ആ ഒരു സംരഭം അദ്ദേഹത്തിന് വിജയിപ്പിക്കാനായില്ല. നടൻ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്. അക്കാല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനിടയില്‍ മാധവൻ വിവാഹ ബന്ധം ഉപേക്ഷിക്കുകയും ചെയ്‍തു. രാഗം എന്ന സിനിമ വിജയമായതോടെ അദ്ദേഹത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചപ്പോള്‍ തിരക്കേറി.
എന്നാല്‍ പിന്നീട് സിനിമയിലെ പോലെ ഒരു ട്വിസ്റ്റ് ജീവിതത്തിലുമുണ്ടായി. 2015ല്‍ ഒരു യാത്രയ്‍ക്കിടെ അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായി. അദ്ദേഹം ജീവിതത്തില്‍ ഒറ്റയ്‍ക്കായതിനാല്‍ തന്റെ രോഗ കാലത്ത് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ആരോരും നോക്കാനില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.അദ്ദേഹം തിരുവനന്തപുരത്ത് ഒരു ലോഡ്‍ജ് മുറിയിലായിരുന്നു ഏറെക്കാലം കഴിഞ്ഞിരുന്നത്. അവിടെ അവശനായി കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചില സഹപ്രവര്‍ത്തകര്‍ ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു. രോഗത്തിന്റെ തീക്ഷ്‍ണതയില്‍ അദ്ദേഹത്തിന് ഓര്‍മയും ഇല്ലാതായി. പഴയ ചില കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് അധികവും ഓര്‍മയുണ്ടായിരുന്നത്. അദ്ദേഹത്തിന് ലഭിച്ച അവാര്‍ഡുകളൊക്കെ ആ മുറിയില്‍ സൂക്ഷിച്ചിരുന്നു. ചില സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാണാൻ മുറിയില്‍ എത്തുമായിരുന്നു. ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരം യാതനകള്‍ക്കൊടുവില്‍ യാത്ര പറഞ്ഞ് ഓര്‍മയായിരിക്കുന്നു.