അഞ്ച് വർഷങ്ങൾക്ക് ശേഷം ‘ഡങ്കി’യുമായി ഹിരാനി; ഒരിക്കലെങ്കിലും നമ്മള് കണ്ടിരിക്കേണ്ട 5 ഹിരാനി സിനിമകൾ ഇവയാണ്!
പ്രേക്ഷകരുടെ മനസ്സ് കവരുന്ന ഒട്ടേറെ സിനിമകളൊരുക്കിയ സംവിധായകനാണ് രാജ്കുമാർ ഹിരാനി. നർമ്മത്തിലൂടെ ഹൃദയം തൊടുന്ന ഒരു മാജിക് അദ്ദേഹത്തിന്റെ സിനിമകള്‍ക്കുണ്ട്. ഇപ്പോഴിതാ ഹിരാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ‘ഡങ്കി’ എന്ന ചിത്രം ഈ മാസം 21ന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായാണ് ഇതിനകം ‘ഡങ്കി’യെ ഏവരും കാണുന്നത്. ബോളിവുഡിലെ ഒട്ടേറെ പണം വാരി പടങ്ങളുടെ സൃഷ്ടാവായ ഹിരാനി 2018ന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞാണ് ഒരു സിനിമയുമായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോകം മുഴുവൻ ഏറ്റെടുത്ത ഹിരാനി സിനിമകള്‍ മലയാളികളും ഏറെ ആവേശപൂർവ്വം ഏറ്റെടുത്ത് കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയമാക്കി മാറ്റിയവയാണ്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്തിന് ശേഷം 1993 മുതൽ ഹിരാനി പരസ്യ ചിത്രങ്ങളുടേയും സിനിമകളുടേയും ലോകത്ത് സജീവമായിരുന്നു. എഡിറ്ററായിട്ടായിരുന്നു സിനിമകളിൽ അദ്ദേഹം തുടക്കമിട്ടത്. 2003-ലാണ് ‘മുന്നഭായി എംബിബിഎസ്’ ഒരുക്കിക്കൊണ്ട് അദ്ദേഹം സംവിധായകന്റെ കുപ്പായമണിഞ്ഞത്. ആദ്യ സിനിമ തന്നെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ മുന്ന, അർഷാദ് വാർസിയുടെ സർക്യൂട്ട് എന്നീ ഐക്കണിക് ജോഡികള്‍ ഏവരും ഏറ്റെടുത്തു. 10 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ സിനിമയ്ക്ക് 56 കോടിയിലേറെ രൂപയായിരുന്നു ബോക്സോഫീസ് കളക്ഷൻ.
അരങ്ങേറ്റ സിനിമയിലൂടെ തന്നെ വൻ വിജയം നേടിയതോടെ 2006-ൽ ‘മുന്നഭായി’യുടെ രണ്ടാം ഭാഗമായ ‘ലഗേ രഹോ മുന്നഭായി’ അദ്ദേഹം ഒരുക്കി. ഗാന്ധിയൻ ആശയങ്ങളെ മുൻനിർത്തി ഒരുക്കിയ സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവും ‘ലഗേ രഹോ മുന്നഭായി’യിലൂടെ അദ്ദേഹം സ്വന്തമാക്കി. 19 കോടിയായിരുന്നു സിനിമയുടെ ബജറ്റ്. 126 കോടി രൂപയായിരുന്നു സിനിമയുടെ ബോക്സോഫീസ് കളക്ഷൻ.
പിന്നീട് 2009-ൽ ആമിർ ഖാനോടൊപ്പം ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിലൂടെ കോമഡി – ഇമോഷണൽ സിനിമകള്‍ക്ക് പുതിയൊരു ദൃശ്യഭാഷ തന്നെ അദ്ദേഹം സമ്മാനിക്കുകയായിരുന്നു. ബോളിവുഡിൽ വ്യത്യസ്തമായൊരു പരീക്ഷണമായിരുന്നു ‘ത്രീ ഇഡിയറ്റ്സ്’. ചേതൻ ഭഗത്തിന്റെ ‘ഫൈവ് പോയിന്റ് സംവൺ’ എന്ന ഗ്രന്ഥം മുൻനിർത്തി ഒരു കമിങ് ഓഫ് ഏജ് സിനിമയായൊരുക്കിയ ‘ത്രീ ഇഡിയറ്റ്സ്’ ആ വർഷത്തെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. 55 കോടി രൂപ മുതൽമുടക്കിലെടുത്ത സിനിമയ്ക്ക് 400 കോടി രൂപയായിരുന്നു ബോക്സോഫീസ് കളക്ഷൻ.
ശേഷം 2014-ൽ അദ്ദേഹം ആമിറുമായി ചേർന്ന് ‘പി.കെ’ എന്ന തന്റെ അടുത്ത സിനിമയുമായെത്തി. അനുഷ്ക ശർമ്മയായിരുന്നു സിനിമയിലെ നായിക. ഗൗരവമേറിയ ഒരു സാമൂഹിക വിഷയം എടുത്ത് അതിൽ നിന്ന് നർമ്മത്തിൽ ചാലിച്ചൊരുക്കിയ ചിത്രമായിരുന്നു ‘പി.കെ’. 85 കോടിയായിരുന്നു സിനിമയുടെ ബജറ്റ്. 770 കോടി രൂപയായിരുന്നു സിനിമയുടെ ബോക്സോഫീസ് കളക്ഷൻ.
പിന്നീട് 2018-ൽ സഞ്ജയ് ദത്തിന്റെ സംഭവ ബഹുലമായ ജീവിതം മുൻനിർത്തി ‘സഞ്ജു’ എന്ന സിനിമ രൺബീർ കപൂറിനെ നായകനാക്കി ഒരുക്കി അദ്ദേഹം ഞെട്ടിച്ചു. 96 കോടി ബജറ്റിൽ ഒരുക്കിയ സിനിമയ്ക്ക് 586 കോടി രൂപയായിരുന്നു ബോക്സോഫീസ് കളക്ഷൻ.
ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്ക് ശേഷം ’ഡങ്കി’യുമായി ഹിരാനി എത്തുകയാണ്. മുമ്പ് മുന്നഭായി എംബിബിഎസും ത്രീ ഇഡിയറ്റ്സും ഹിരാനി ഷാരൂഖിനായി എഴുതിയ വേഷങ്ങളായിരുന്നു. പക്ഷേ അദ്ദേഹം അത് നിരസിച്ചിരുന്നു. ഇപ്പോഴിതാ കരിയറിൽ തന്നെ ആദ്യമായി അദ്ദേഹം ബോളിവുഡിലെ കിങ് ഖാനുമായി ഒന്നിക്കുകയാണ്. 120 കോടി ബജറ്റിലാണ് ‘ഡങ്കി’ ഒരുക്കിയിരിക്കുന്നത്. ബൊമൻ ഇറാനി, തപ്സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തിൽ ഉള്ള മറ്റുള്ളവർ.
ഡ്രോപ്പ് 1 എന്ന പേരിൽ വന്നിരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ഡ്രോപ്പ് 2 ആയി എത്തിയ ആദ്യ ഗാനവും ഡ്രോപ്പ് 3 ആയി രണ്ടാമത്തെ ഗാനവും ഡ്രോപ്പ് 4 ആയെത്തിയ ഹൃദയഹാരിയായ ട്രെയിലറും ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഡ്രോപ്പ് 5 ആയി ഇന്ന് പുറത്തിറങ്ങിയ ‘ഓ മാഹി…’ എന്ന ഗാനവും ഏറെ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. ബോളിവുഡിലെ ഹിറ്റ് ഡയറക്ടറും കിങ് ഗാനും ആദ്യമായി ഒന്നിക്കുമ്പോള്‍ ഇൻഡസ്ട്രി ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല അടുത്തിടെയായി ആക്ഷൻ മാസ് സിനിമകള്‍ മാത്രം അഭിനയിക്കുന്ന ഷാരൂഖിൽ നിന്നും ഒരു ടോട്ടൽ ഫൺ എന്റര്‍ടെയ്നറായാണ് ‘ഡങ്കി’ എത്തുന്നതെന്ന പ്രത്യേകയുമുണ്ട്.