‘പോടാ പോയി സിനിമ ചെയ്യ്, സ്ക്രിപ്റ്റ് ഞാൻ എഴുതി തരാം’ : ലിജോ ജോസ് പെല്ലിശ്ശേരി ടിനു പാപ്പച്ചനോട്‌ പറഞ്ഞുപദേശിച്ചത്
1 min read

‘പോടാ പോയി സിനിമ ചെയ്യ്, സ്ക്രിപ്റ്റ് ഞാൻ എഴുതി തരാം’ : ലിജോ ജോസ് പെല്ലിശ്ശേരി ടിനു പാപ്പച്ചനോട്‌ പറഞ്ഞുപദേശിച്ചത്

ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. ഡിസംബര്‍ 23 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വകരണമായിരുന്നു ലഭിച്ചത്. ആക്ഷന്‍ ചിത്രമായ അജഗജാന്തരം ഉത്സവപ്പറമ്പില്‍ നടക്കുന്ന കഥയാണ്. മലയാളി പ്രേക്ഷകര്‍ക്ക് ഒരു ഉത്സവം കണ്ടിറങ്ങിയ പ്രതീതിയായിരുന്നു അജഗജാന്തരം തിയേറ്ററില്‍ കണ്ടതിന് ശേഷം പറഞ്ഞത്.

കുറച്ച് ദിവസങ്ങളായി മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ടിനു പാപ്പച്ചന്‍ ഒരുക്കുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ആ വാര്‍ത്ത വൈറലായിരിക്കുകയാണ്. ഇത് ഏകദേശം ഉറപ്പിച്ച രീതിയിലുള്ള സൂചനകളാണ് പുറത്തുവരുന്നതും. ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതുകൊണ്ട് തന്നെ ടിനുപാപ്പച്ചന്റെ വിശേഷങ്ങള്‍ എല്ലാം കേള്‍ക്കാന്‍ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്.

ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ടിനു പാപ്പച്ചന്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ജല്ലിക്കെട്ട് അടക്കമുള്ള സിനിമകളില്‍ ലിജോ ജോസിന്റെ കൂടെ സംവിധാന സഹായിയായി വര്‍ക്ക് ചെയ്തിരുന്നു. താന്‍ സഹായിയായി ജോലി ചെയ്യുന്നത് നിര്‍ത്തി സ്വന്തമായി സിനിമ ചെയ്യണമെന്ന് ഏറ്റവും കൂടുതല്‍ തന്നെ നിര്‍ബന്ധിച്ചത് ലിജോ ചേട്ടനായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം ധാരാളം നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചുമെന്നും ടിനു പാപ്പച്ചന്‍ പറയുന്നു.

ലിജോ ചേട്ടനൊപ്പം നല്ല എക്‌സ്പീരിയന്‍സാണ് കിട്ടിയത്. വാക്കുകള്‍കൊണ്ട് പറയാന്‍ പറ്റാത്ത അനുഭവങ്ങളാണ് എല്ലാം. സിറ്റി ഓഫ് ഗോഡ്‌സിലാണ് ലിജോ ചേട്ടനൊപ്പം ഞാന്‍ ആദ്യം വര്‍ക്ക് ജോയിന്‍ ചെയ്യുന്നത്. അവിടന്നിങ്ങോട്ടുള്ള എല്ലാ സിനിമകളിലും അവസാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം വരെ ഒപ്പമുണ്ടായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും, ഡേ സിനിമ ചെയ്യഡേ പോഡേ പോഡേ, എന്ന് ലിജോ ചേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കും. ഞാന്‍ എഴുതിത്തരണോ സ്‌ക്രിപ്റ്റ്, എഴുതിത്തരാം. നീ പോയി സിനിമ ചെയ്യ്, എന്ന് പറയും. ടിനു വ്യക്തമാക്കുന്നു.

എന്നാല്‍ എനിക്ക് ഞാന്‍ തന്നെ സിനിമ കണ്ടുപിടിച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പത്ത് വര്‍ഷത്തോളം ഒരുപാട് പേരെ അസിസ്റ്റ് ചെയ്തു. ആ കാലഘട്ടത്തിലൊക്കെ പലതരം സിനിമകള്‍ ഓര്‍ഗനൈസ് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടേയിരുന്ന സമയമായിരുന്നു. എങ്കിലും അത് വൈകികൊണ്ടേയിരുന്നു. അങ്കമാലി ഡയറീസിന് ശേഷം ലിജോ ചേട്ടനുമായുള്ള സൗഹൃദം ഒന്നുകൂടി കൂടി അടുക്കുകയും ചെയ്തിരുന്നു. ഓരോ സിനിമയുടെ ഷൂട്ടിംങ് കഴിയുമ്പോളും ഷൂട്ടിംങിന് പുറമേയും യാത്ര ചെയ്തിരുന്നു. ഒരുമിച്ചായിരുന്നു യാത്രയും താമസവും ആഹാരം കഴിക്കലും എല്ലാം. വ്യക്തിപരമായ കാര്യങ്ങളടക്കമുള്ള വിഷയങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെ വളരെ ക്ലോസ് റിലേഷന്‍ ഉണ്ടായിരുന്നു ലിജോ ചേട്ടനായിട്ടെന്നും ടിനു പാപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.