പൊള്ളുന്ന പ്രമേയം; കത്തുന്ന അവതരണം; ഇത് കാലം കാത്തുവെച്ച പ്രതികാര കഥ, ‘തങ്കമണി’ റിവ്യൂ വായിക്കാം
1 min read

പൊള്ളുന്ന പ്രമേയം; കത്തുന്ന അവതരണം; ഇത് കാലം കാത്തുവെച്ച പ്രതികാര കഥ, ‘തങ്കമണി’ റിവ്യൂ വായിക്കാം

മൂന്നര പതിറ്റാണ്ട് മുമ്പ് നടന്നൊരു സംഭവം. നാടിനെ നടുക്കിയ ആ സംഭവത്തിന് ശേഷം അവിടെയുള്ളവരുടെ ജീവിതം ഒരിക്കലും പഴയപോലെയായിരിക്കില്ല. അവരുടെയെല്ലാം ഉള്ളിൽ ഒരു കനലായി ആ സംഭവം അവശേഷിക്കുന്നുണ്ടാകും. ഒരു തീപ്പൊരി മതിയാകും അതൊന്നു ആളിക്കത്താൻ. പൊള്ളുന്ന ഈ പ്രമേയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ‘തങ്കമണി’ എന്ന ചിത്രം. ഒരു ബസ് തടയലുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണിയിൽ 38 വർഷം മുമ്പ് നടന്ന പോലീസ് നരനായാട്ട് അടിസ്ഥാനമാക്കി എത്തിയിരിക്കുന്ന ഈ ദിലീപ് ചിത്രം ചരിത്രത്തോടൊപ്പം ഫിക്ഷനും ചേർത്ത് മികച്ചൊരു ചലച്ചിത്രാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്.

വരദരാജൻ എന്നൊരു രാഷ്ട്രീയ നേതാവിന്‍റെ കൊലപാതകത്തോടെയാണ് സിനിമയുടെ തുടക്കം. ആ കൊലപാതകത്തിന്‍റെ കേസന്വേഷണത്തിന്‍റെ ഭാഗമായാണ് 1986 ഒക്ടോബറിൽ 21 മുതൽ 24 വരെ തങ്കമണി ഗ്രാമത്തിൽ നടമാടിയ സംഭവങ്ങളിലേക്ക് സിനിമയുടെ കഥാഗതി നീങ്ങുന്നത്. ഒന്നര വർഷം മുമ്പ് നടന്ന മറ്റൊരു കൊലപാതകത്തിനും ഈ കൊലപാതകത്തിനും തമ്മിൽ ചില സാമ്യങ്ങള്‍ കണ്ടെത്തുന്ന പോലീസ് കൃത്യത്തിന് പിന്നിൽ ഒരു സീരിയൽ കില്ലർ ഉണ്ടെന്ന നിഗമനത്തിൽ എത്തുന്നു. ആരാണ് ആ സീരിയൽ കില്ലറെന്ന അന്വേഷണം ഒടുവിൽ തങ്കമണി ഗ്രാമത്തിൽ നിന്നെത്തിയ ഒരാളിൽ എത്തിച്ചേരുന്നു. അയാളാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തുന്നു. തങ്കമണി എന്ന സ്ഥലത്തെ സാധാരണക്കാരനായ, തികച്ചും ശാന്തനായ ആബേൽ ജോഷ്വാ മാത്തൻ എന്ന യുവാവ് കാലക്രമേണ എങ്ങനെ ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്നയാളായി മാറി എന്ന അന്വേഷണമാണ് പിന്നീട് ചിത്രം പറയുന്നത്.

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം സിനിമയാക്കുമ്പോൾ ലഭിച്ച ഹൈപ്പിനോട് 100 ശതമാനം വിശ്വസ്തത പുലർത്തിയ സിനിമയാണ് ‘തങ്കമണി’ എന്ന് നിസ്സംശയം പറയാം. പഴയ കാലഘട്ടവും പുതിയ കാലവും തമ്മിൽ നന്നായി കൂട്ടിയിണക്കി ആസ്വാദകരെ തൃപ്തിപ്പെടുത്തും വിധം സിനിമയൊരുക്കാൻ സംവിധായകൻ രതീഷ് രഘുനന്ദന് സാധിച്ചിട്ടുണ്ട്. യഥാർത്ഥ സംഭവത്തെ ഫിക്ഷനുമായി കൂട്ടിയിണക്കി പ്രേക്ഷകരെ പിടിച്ചിരുത്തും വിധം അദ്ദേഹം സിനിമയൊരുക്കിയിട്ടുണ്ട്. ആബേൽ ജോഷ്വാ മാത്തനായി മികവുറ്റ പ്രകടനമാണ് ദിലീപ് കാഴ്ചവെച്ചിട്ടുള്ളത്. യുവാവായും പ്രായമേറിയ ആളായും രണ്ട് വേഷപ്പകർച്ചകളിലെത്തി തികഞ്ഞ കൈയ്യടക്കത്തോടെ ദിലീപ് തന്‍റേ വേഷം മനോഹരമാക്കിയിട്ടുണ്ട്. ഒപ്പം നായികയായെത്തിയ നീത പിള്ളയുടെ അനിത എന്ന വേഷവും പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്നതായിരുന്നു. സുദേവ് നായർ, അസീസ് നെടുമങ്ങാട്, പ്രണിത സുഭാഷ്, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ധിഖ്, കോട്ടയം രമേശ് തുടങ്ങിയവരും തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്. കൂടാതെ ഒട്ടനവധി താരങ്ങളും സിനിമയിലുണ്ട്.

1986 നടന്ന സംഭവത്തേയും ആ കാലഘട്ടത്തെയും മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്. ഹൈറേഞ്ച് ഗ്രാമമായ തങ്കമണിയുടെ ദൃശ്യഭംഗിയും നന്നായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്. മനോജ് പിള്ളയാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മനു ജഗതിന്‍റെ ആർട്ട് വിഭാഗവും മികച്ചുനിന്നു. ആ കാലഘട്ടത്തെ തനിമ ചോരാതെ അദ്ദേഹം പുനസൃഷ്ടിച്ചിട്ടുണ്ട്. വില്യം ഫ്രാൻസിസ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയോട് നൂറ് ശതമാനം നീതിപുലർത്തുന്നതായിരുന്നു.

 

പോലീസ് അക്രമങ്ങൾ നാടിനേയും നാട്ടുകാരേയും എങ്ങനെ ബാധിച്ചുവെന്നത് പ്രേക്ഷകർക്ക് കണക്ടാവും വിധത്തിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളും ഏറെ മികച്ചുനിൽക്കുന്നതായിരുന്നു. രാഷ്ട്രീയവും അധികാരവുമൊക്കെ ഒരു നാടിനേയും നാട്ടുകാരേയും എങ്ങനെയാണ് ഇല്ലായ്മ ചെയ്യുന്നതെന്നും അതിനിടയിൽ അതൊക്കെ മുതലെടുപ്പ് നടത്തുന്നവരൊക്കെയാരെന്നും ബലിയാടുകളാകുന്നവർ ആരെന്നുമൊക്കെ സത്യസന്ധമായി തുറന്നുകാണിക്കുന്ന ചിത്രം തീർച്ചയായും മികച്ചൊരു തിയേറ്റർ അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളും പ്രണയവും ആക്ഷനും പ്രതികാരവും സുഹൃദ് ബന്ധങ്ങളുമൊക്കെ ചേർന്ന എല്ലാം ഒത്തിണങ്ങിയ മികച്ചൊരു കുടുംബ ചിത്രമാണ് ‘തങ്കമണി’ എന്ന് നിസ്സംശയം പറയാം.