പ്രേക്ഷക ആകാംക്ഷയേറ്റി ‘തങ്കം’ ട്രെയ്ലര് പുറത്ത്
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത്, ജനുവരി 26 ന് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘തങ്കം’. ശ്യാം പുഷ്കരന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്.
24 കാരറ്റ് തനി ‘തങ്ക’ത്തിന്റെ വഴിയേയുള്ള ചിലരുടെ വഴിവിട്ട സഞ്ചാരങ്ങളും പോലീസ് കേസും മറ്റുമൊക്കെയായി ഒരു ക്രൈം ത്രില്ലര്‍ തന്നെയാണ് സിനിമയെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
ജോജിക്കു ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന് വിനീത് ശ്രീനിവാസന്, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന് തുടങ്ങിയവരും നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.
ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ഏറെ അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഇരുവര്‍ക്കുമുള്ളതെന്നാണ് ട്രെയ്ലറില് നിന്ന് അറിയാനാകുന്നത്. വിനീത് ഡാര്‍ക്ക് ഷേഡിലുള്ള വേഷത്തിലാണെന്നും സൂചന ലഭിക്കുന്നുണ്ട്. ബോളിവുഡ് സംവിധായകനും നടനുമായ ഗിരീഷ് കുല്‍ക്കര്‍ണി പോലീസ് ഓഫീസറുടെ വേഷത്തില്‍ ചിത്രത്തിലുണ്ട്. നിരവധി മറാത്തി തമിഴ് താരങ്ങളും മറ്റനവധി താരങ്ങളും സിനിമയിലുണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറിന്റേതായി ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍.
കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘ദേവീ നീയേ, വരലക്ഷ്മി നീയേ…’ എന്ന ഗാനം ഇതിനകം യൂട്യൂബില്‍ തരംഗമായിരുന്നു. ഛായാഗ്രഹണം ഗൗതം ശങ്കര്‍ ആണ്. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ?ഗോകുല്‍ ദാസ്, പിആര്‍ഒ ആതിര ദില്‍ജിത്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്റ്.
അതേസമയം, 2018ല്‍ സിനിമയുടെ വര്‍ക്കുകള്‍ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കാലവും മറ്റുമൊക്കെ കാരണം സിനിമ നീണ്ടുപോവുകയായിരുന്നെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സമയം ഇത്രയും നീണ്ടതിനാല്‍ തന്നെ ഈ കാലയളവില്‍ തങ്കത്തിനുവേണ്ടി പരിപൂര്‍ണ്ണമായി സമയം കണ്ടെത്താനായെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിന് പുറമേ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമടക്കം നിരവധി സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍.