തിരിച്ച് വരവ് ​ഗംഭീരമാക്കി ആസിഫ് അലി; തലവൻ പതിനഞ്ച് കോടിയിലേക്ക് കുതിക്കുന്നു
1 min read

തിരിച്ച് വരവ് ​ഗംഭീരമാക്കി ആസിഫ് അലി; തലവൻ പതിനഞ്ച് കോടിയിലേക്ക് കുതിക്കുന്നു

യുവനടൻമാരിൽ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ആസിഫ് അലി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആസിഫിൻറെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ തലവൻ എന്ന ചിത്രത്തിലൂടെ വീണ്ടും വിജയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആസിഫ് അലി- ബിജു മേനോൻ കോമ്പോ വീണ്ടുമെത്തുന്ന ചിത്രം ത്രില്ലർ സ്വഭാവമുള്ള പൊലീസ് പ്രൊസിജ്വറൽ ഡ്രാമയാണ്.

മേയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളിൽ മികച്ച ഒക്കുപ്പൻസിയാണ് നേടിയത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. 10 ദിവസം കൊണ്ട് 1.60 കോടിയാണ് ചിത്രത്തിൻറെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനെന്ന് ട്രാക്കർമാരായ ഫോറം റീൽസ് അറിയിക്കുന്നു.

മറ്റൊരു ട്രാക്കർ ആയ കേരള ബോക്സ് ഓഫീസിൻറെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 15 കോടിയിലേക്ക് അടുക്കുകയാണ്. ജിസ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും ദീപക് ദേവ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.