“ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണ്, പിന്നിലുള്ളവരെ നേരിടാന്‍ തയ്യാര്‍”; ‘പള്ളിമണി’ പോസ്റ്റര്‍ കീറിയതില്‍ പ്രതികരിച്ച് ശ്വേത മേനോന്
ഒരിടവേളയ്ക്ക് ശേഷം നടി നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമയാണ് പള്ളിമണി. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള് ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കെ.വി. അനില്‍ രചന നിര്‍വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലറാണ് ‘പള്ളിമണി’. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശ്വേത മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്വേത പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷ് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്റര്‍ കീറിയ നിലയില്‍ കണ്ടതെന്നും ഇത് നികൃഷ്ടമായ പ്രവര്‍ത്തിയാണെന്നും ശ്വേത തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കീറിയ പോസ്റ്ററിന്റെ ഫോട്ടോ സഹിതം ആണ് നടിയുടെ പോസ്റ്റ്.
പല വിഷയങ്ങളിലുമുള്ള എന്റെ ധീരവും നീതിപൂര്‍വവുമായ നിലപാട് എതിര്‍പ്പിന് കാരണമായേക്കാമെന്ന് മനസ്സിലാക്കുന്നുവെന്നും എന്നാല്‍ താന്‍ ഉള്ളത് കൊണ്ട് ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണെന്നും ശ്വേത പറഞ്ഞു. ഒരു നവാഗത സംവിധായകന്റെയും നവാഗത നിര്‍മ്മാതാവിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാര്‍ഗം സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു സിനിമയെ ലക്ഷ്യം വെച്ചുകൊണ്ട് കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനത്തെ വ്രണപ്പെടുത്തുന്നതിനുപകരം, ഈ തരംതാണ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നേരിട്ട് നേരിടാന്‍ ഞാന്‍ തയ്യാറാണെന്നും ശ്വേത കുറിപ്പില്‍ പറയുന്നു.
അതേസമയം വിഷയത്തില്‍ നിത്യാദാസും പ്രതികരിച്ചിട്ടുണ്ട്. ‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്ച്ച …കൈല്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല …വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍ ,,, ഇതോക്കെ കടകമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം …ഉപദ്രവിക്കരുത് … എല്ലാം പ്രതിക്ഷയാണല്ലോ… 24th നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും ‘പള്ളിമണി ‘ ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ… ഉപദ്രവിക്കരുത് അപേക്ഷയാണ്’ എന്നായിരുന്നു നിത്യ തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
എല്‍.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനിയന് ചിത്രശാല നിര്‍വ്വഹിക്കുന്നു. ശ്വേത മേനോന്, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.