ചെന്നൈ പ്രളയം; പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും
1 min read

ചെന്നൈ പ്രളയം; പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും

തീവ്രമായ മഴയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ് ചെന്നൈ ന​ഗരവാസികൾ. പലയിടത്തും വെള്ളം കയറി, ആളുകൾ ക്യാംപിലും മറ്റുമാണ് കഴിയുന്നത്. ഇതിനിടെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക. ഇരുവരുടെയും ആരാധക സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

പ്രളയത്തില്‍ ചെന്നൈ കോര്‍പറേഷന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. “പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോ​ഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ ന​ഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിം​ഗപ്പൂരിന് വേണ്ടിയോ?”, വിശാല്‍ എക്സില്‍ കുറിച്ചു.

അതേസമയം, മിഷോങ് തീവ്ര ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് വടക്കോട്ടു നീങ്ങുകയാണ്. നാളെ ഉച്ചയ്ക്ക് മുൻപ് ആന്ധ്രയിൽ തീരം തൊടും. ചെന്നൈയിൽ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. പുലർച്ചെ വരെ ഈ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. മഴ പൂർണമായി മാറി രണ്ട് മണിക്കൂറിനു ശേഷമെ വൈദ്യുതി പുന:സ്ഥാപിക്കാൻ സാധിക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മിഷോങ് കെടുതിയിൽ ചെന്നൈയിൽ 162 ദുരിശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.