സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘വരാഹം’ ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങിയിട്ടുള്ള സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. അതേസമയം കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുരേഷ് ഗോപി. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഗരുഡനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മറ്റൊരു ചിത്രത്തിന്റെ അപ് ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്. ഏറെ നേരത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എസ്ജി 257 എന്ന ചിത്രത്തിന്റെ അപ് ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ പേരാണ് പുറത്തുവന്നിരിക്കുന്നത്. വരാഹം എന്നാണ് ചിത്രത്തിന്റെ പേര്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സനൽ വി ദേവനാണ് സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകന് ആണ് സനൽ. ഡിസംബര്‍ പതിനഞ്ചിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്പടിയൂർ എന്റർടൈൻമെന്റ്സുമായി സഹകരിച്ച് വിനീത് ജെയിൻ,സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്.മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരുകയാണ്. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.
അതേ സമയം അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഗരുഡൻ ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ ആയിരുന്നു സുരേഷ് ഗോപി എത്തിയത്. 26.5 കോടി രൂപയാണ് ഗരുഡന്റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍. സുരേഷ് ഗോപിയ്ക്കും ബിജു മേനോനും ഒപ്പം സിദ്ദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യ പിള്ള, മേജർ രവി, ബാലാജി ശർമ എന്നിവരും അഭിനയിച്ചിരുന്നു.