‘തീയറ്ററൊക്കെ ശോകമാണ്, സുരേഷ് ഗോപിയുടെ പടമാണ്.. കേറി പോവോ?’ : ശ്രദ്ധനേടി പ്രേക്ഷകൻ ജിതിൻ കൃഷ്ണയുടെ കുറിപ്പ്
1 min read

‘തീയറ്ററൊക്കെ ശോകമാണ്, സുരേഷ് ഗോപിയുടെ പടമാണ്.. കേറി പോവോ?’ : ശ്രദ്ധനേടി പ്രേക്ഷകൻ ജിതിൻ കൃഷ്ണയുടെ കുറിപ്പ്

ലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ഗോപി കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രമാണ് ‘പാപ്പന്‍’. കുറെ നാളുകള്‍ക്ക്‌ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയുടെ റിലീസിനായി കാത്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പാപ്പന്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നേ ജിതിന്‍ കൃഷ്ണ എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.

പാപ്പന്‍ ഇന്നു റിലീസ് ആവുന്നു.. തീയറ്ററൊക്കെ ശോകമാണ്, സുരേഷ് ഗോപിയുടെ പടമാണ്.. കേറി പോവോ? എന്ന് ചോദ്യത്തോടെയാണെ കുറിപ്പ് തുടങ്ങുന്നത്. തന്നോട് ഒരു സുഹൃത്ത് ചോദിച്ചതാണെന്നും ഒരു സംശയവുമില്ലാതെ പടം വിജയിക്കുമെന്ന് നൂറുതരമെന്ന് മറുപടി നല്‍കിയെന്നും ജിതിന്‍ കുറിപ്പില്‍ പറയുന്നു. അതിന് കാരണം സുരേഷ് ഗോപി എന്ന ആക്ഷന്‍ ഹീറോയില്‍ ഉള്ള വിശ്വാസം കൊണ്ട് മാത്രമല്ല, സംവിധാനത്തില്‍ ജരാനരകള്‍ ബാധിക്കാത്ത ജോഷി എന്ന സംവിധായകനില്‍ ഉള്ള വിശ്വാസമാണെന്നും ജിതിന്‍ കുറിപ്പില്‍ വിശദീകരിക്കുന്നു. 1978 ല്‍ സിനിമ രംഗത്തേക്ക് കടന്ന് വന്ന് നീണ്ട 44 വര്‍ഷം തിളങ്ങി നില്‍ക്കുന്ന മറ്റൊരു സംവിധായകന്‍ മലയാളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. ജയന്റെ ഹിറ്റ് ചിത്രമായ മൂര്‍ഖന്‍ മുതല്‍ ഇങ്ങോട്ട് നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃത്വിരാജ്, തുടങ്ങി ഒടുക്കം പൊറിഞ്ചു മറിയം വഴി ജോജു വരെ നീണ്ട 44 വര്‍ഷം.

ഒരു കാലത്ത് വീണു കിടന്നിരുന്ന മമ്മൂട്ടിയെ ന്യുഡല്‍ഹി എന്ന ഹിറ്റ് സമ്മാനിച്ച് കൈപിടിച്ച് ഉയര്‍ത്തിയ സംവിധായകന്‍. വാളയാര്‍ പരമശിവം എന്ന ആക്ഷന്‍ ഹീറോ ഇമേജിലേക്ക് ദിലീപിനെ എത്തിച്ച സംവിധായകന്‍. നായര്‍ സാബ്, നാടുവാഴികള്‍, സൈന്യം, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, കൗരവര്‍, ധ്രുവം, ലേലം, പത്രം, റണ്‍വെ, നരന്‍, ലയണ്‍, ട്വന്റി ട്വന്റി , റോബിന്‍ഹുഡ്, റണ്‍ബേബി റണ്‍, പൊറിഞ്ചു മറിയം ഹിറ്റുകളുടെ ലിസ്റ്റ് ഏറ്റവും ചുരുക്കിയാല്‍ ഇങ്ങനെ ഇരിക്കും. ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങളും കാത്തിരിക്കുന്ന സംവിധായകന്‍. ജയന്‍, നസീര്‍ മുതല്‍ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്ക് കൈനിറയെ ഹിറ്റുകള്‍ സമ്മാനിച്ച മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍.

ട്വന്റി ട്വന്റി എന്ന മെഗാ സിനിമ ആര് സംവിധാനം ചെയ്യും എന്നതിന് രണ്ടാമത് ചിന്ത ആര്‍ക്കും ഉണ്ടായില്ല എന്ന് എവിടെയോ വായിച്ചിരുന്നു. ജോഷിക്ക് അല്ലാതെ ഇത്രയും വലിയ താര നിരയെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലായിരുന്നത്രെ. ആ 70 വയസ്സുള്ള ‘ചെറുപ്പക്കാരനില്‍’ നിന്ന് ഒരു സിനിമ വരുമ്പോള്‍ ആര്‍ക്കാണ് വിജയിക്കുമോ എന്നൊരു സംശയം? അങ്ങനെ ഒരു സംശയം ഉണ്ടെങ്കില്‍ അവര്‍ക്ക് സിനിമയെ അറിയാത്തത് കൊണ്ടാവണം. ജോഷിയെ അറിയാത്തത് കൊണ്ടാവണം. മുന്‍ധാരണകള്‍ ഇല്ലാതെ സുരേഷ് ഗോപി എന്ന നടനെയും ആ മനുഷ്യ സ്‌നേഹിയെയും സ്വീകരിക്കാന്‍ മലയാളി തയ്യാറായാല്‍ ഉറങ്ങി കിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ക്ക് ഇനി വരുന്ന നാളുകളില്‍ ഉത്സവ പറമ്പ് പ്രതീക്ഷിക്കാം.. ഒരു സംശയവും വേണ്ട. ധൈര്യ സമേതം ടിക്കറ്റ് ബുക്ക് ചെയ്യാമെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകത കൂടിയുണ്ട്. നീതാ പിള്ളയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവല്‍ മേരി, ഷമ്മി തിലകന്‍, വിജയരാഘവന്‍, ടിനി ടോം, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ജനാര്‍ദ്ദനന്‍, നന്ദലാല്‍, ചന്തു നാഥ്, അച്ചുതന്‍ നായര്‍ , സജിതാ മoത്തില്‍, സാവിത്രി ശ്രീധര്‍, ബിനു പപ്പു, നിര്‍മ്മല്‍ പാലാഴി, മാളവികാ മോഹന്‍, സുന്ദര്‍ പാണ്ഡ്യന്‍ , ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടില്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.