കടുകുമണ്ണ ഊരിലെ അമ്മയ്ക്ക് സഹായവുമായി നടന് സുരേഷ് ഗോപി
കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിലാണ് ഗര്‍ഭിണിയെ തുണിയില്‍കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം നടന്നത്. പൂര്‍ണ ഗര്‍ഭിണിയായ സുമതി എന്ന യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി, കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം തുണിയില്‍കെട്ടി ചുമന്നത്. കടുകുമണ്ണ ഊരില്‍നിന്ന് അര്‍ധരാത്രിയാണ് നാട്ടുകാര്‍ സുമതിയെ ആംബുലന്‍സില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ യുവതി പ്രസവിക്കുകയും ചെയ്തു.
ഇപ്പോഴിതാ, ആ അമ്മയുടേയും കുഞ്ഞിന്റേയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും, സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുകയാണ് നടന് സുരേഷ് ഗോപി. പൊന്നോമനയായ കുഞ്ഞിന് തൊട്ടിലും പണവും സമ്മാനങ്ങളുമാണ് സുരേഷ് ഗോപി നല്‍കിയത്. ദുര്‍ഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് സന്ദീപ് വാര്യരും സംഘവും നടന്നു. അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും കാണുകയും ചെയ്തു. ആശുപത്രിയിലെത്തിയ സന്ദീപ് വാര്യര്‍ സുരേഷ് ഗോപി സമ്മാനമായി ഏല്‍പ്പിച്ച തൊട്ടിലും സഹായധനവും കൈമാറുകയും ചെയ്തു. മാത്രമല്ല, ഫോണിലൂടെ അമ്മയോട് സുരേഷ് ഗോപി വിവരങ്ങള്‍ തേടുകയും ചെയ്തു.
ഇക്കാര്യം സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര്. വൈദ്യുതി, റോഡ്, മൊബൈല്‍ റേഞ്ച് തുടങ്ങിയവയൊന്നും ഇല്ലാത്ത സ്ഥലമാണ് കടുകുമണ്ണ. എന്തായാലും സുരേഷ് ഗോപിയുടെ വലിയ മനസിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
ശനിയാഴ്ച പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അട്ടപ്പാടി കടുകുമണ്ണ ഊരുകാര്‍ വനത്തിലൂടെ തുണിമഞ്ചലുമായി പാഞ്ഞത് മൂന്ന് കിലോമീറ്റര്‍. മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് സംസ്ഥാനത്തെ പട്ടിക വര്‍ഗ വകുപ്പ് മന്ത്രി .
ഇന്ന് അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനേയും കണ്ടു . ശ്രീ സുരേഷ് ഗോപി കുഞ്ഞിനുള്ള സമ്മാനമായി ഏല്‍പ്പിച്ച തൊട്ടിലും കുറച്ച് രൂപയും അമ്മക്ക് കൈമാറി . സുരേഷ് ഗോപി ഫോണില്‍ അമ്മയോട് സുഖ വിവരങ്ങള്‍ തേടുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു .
നിങ്ങള്‍ക്കറിയുമോ പട്ടിണി കൊണ്ട് ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ ബന്ധുക്കളാണ് കടുകുമണ്ണ ഊരിലെ പ്രാക്തന ഗോത്ര വര്‍ഗത്തില്‍ ഉള്ള നിവാസികള്‍ .
കടുകുമണ്ണ ഊരിലേക്കുള്ള യാത്ര അതീവ ദുഷ്കരമാണ് എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു . എന്നാലും അങ്ങോട്ട് നടന്ന് പോവുകയാണ് . നമ്പര്‍ വണ്‍ കേരളം ലോകം കാണട്ടെ .