രജനികാന്തും മാരി സെൽവരാജും ആദ്യമായി ഒന്നിക്കുന്നു; ‘തലൈവർ 172’ പ്രഖ്യാപിച്ചു
തമിഴ് സിനിമാ രംഗത്തെ ശ്രദ്ധേയരായ രണ്ട് പ്രതിഭകൾ ആദ്യമായി ഒന്നിക്കുന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തും യുവ സംവിധായക നിരയിലെ ശ്രദ്ധേയ സംവിധായകൻ മാരി സെൽവരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ‘തലൈവർ 172’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. രജനികാന്തിന്റെ അഭിനയ ജീവിതത്തിലെ 172 മത് ചിത്രമായാണ് ഇത് എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ രജനികാന്തിന് ഇഷ്ടപ്പെട്ടതായും, ലോകേഷ് കനകരാജുമായുള്ള ചിത്രത്തിന് ശേഷം തലൈവർ 172 ചിത്രീകരണം ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
Early Buzz : #Rajinikanth's next director seems to be #MariSelvaraj pic.twitter.com/SuUmLi6zmw
— VCD (@VCDtweets) January 6, 2024
പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ, വാഴൈ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായാണ് തലൈവർ 172 എത്തുന്നത്. കൂടാതെ ജയിലറിന്റെ ഗംഭീര വിജയത്തിന് ശേഷം നെൽസൺ ദിലീപ്കുമാറുമായി അടുത്ത ഒരു ചിത്രത്തിനായി രജനികാന്ത് ചർച്ചകൾ നടത്തിയെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ എന്ന ചിത്രത്തിലാണ് രജനി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, റാണ ദഗുബാട്ടി തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇതിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.