മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ല്‍ സുചിത്ര നായരും
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ. ആട് 2 ലെ ചെകുത്താന് ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്ത്, മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ക്യാരക്റ്റര്‍ റോളുകളിലൂടെ കൈയടി നേടിയ ഹരീഷ് പേരടി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് നേരത്തെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ വാനമ്പാടി എന്ന സീരിയലിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സുചിത്ര നായര്‍ ചിത്രത്തിന്റെ ഭാഗമാവുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. ബിഗ് ബോസ് സീസണ് നാലില്‍ മത്സരാര്‍ത്ഥിയായി എത്തി സുചിത്ര തിളങ്ങിയിരുന്നു. സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായ സുചിത്ര അന്‍പത് ദിവസവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഷോയില്‍ നിന്നും പുറത്തായത്. മലൈക്കോട്ടൈ വാലിബനില്‍ നടി അഭിനയിക്കുന്നുവെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസണ് നാലിലെ മത്സരാര്‍ത്ഥി ആയിരുന്ന അശ്വിന്റെ പിറന്നാള്‍ ആഘോഷ വേളയില്‍ ആണ് സുചിത്ര ഇക്കാര്യം അറിയിച്ചത്.
‘മലൈക്കോട്ടൈ വാലിബന് എന്ന നമ്മുടെ ലാലേട്ടന്റെ സിനിമ ചെയ്തിട്ട് വന്നേക്കുവാണ്. അത് ഓണം റിലീസ് ആണെന്ന് തോന്നു. കറക്ടായിട്ട് അക്കാര്യം അറിയില്ല. രാജസ്ഥാനില്‍ ഇപ്പോഴും ഷൂട്ടിം?ഗ് നടന്നു കൊണ്ടിരിക്കയാണ്. ഞാന്‍ വാലിബനില്‍ ഉണ്ടോ ഇല്ലയോ എന്ന ഉഹാപോഹങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. ലാലേട്ടനൊപ്പം ഉള്ള ഫോട്ടോ കണ്ടപ്പോള്‍ എല്ലാവരും അത് ഉറപ്പിച്ചു. ഇപ്പോള്‍ ഞാനായിട്ട് പറയുകയാണ് മലൈക്കോട്ടൈ വാലിബനില്‍ ഞാന്‍ ഉണ്ട്. സിനിമയില്‍ നിന്നും ഇനി എന്നെ കട്ട് ചെയ്ത് കളയോ(ചിരിക്കുന്നു). സിനിമയിലേത് നല്ലൊരു കഥാപാത്രമാണ്’, എന്നാണ് സുചിത്ര പറഞ്ഞത്.
അതേസമയം മലൈക്കോട്ടൈ വാലിബനില്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇന്ത്യന്‍ ഗുസ്തി രീതിയെ ലോകപ്രശ്സതമാക്കിയ ഫയല്വാന്. ഏകദേശം അമ്പതു വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന് പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ഇതിന്റെ ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്നതും.