‘പടച്ചോനേ ഇങ്ങള് കാത്തോളീ…’ ക്യാരക്ടർ ലുക്ക്; സഖാവ് ദിനേശൻ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി
ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ബിജിത്ത് ബാലയാണ്. മലബാറിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷേപഹാസ്യ സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദിനേശന് മാസ്റ്റര്‍ എന്ന സ്കൂള്‍ അദ്ധ്യാപകനായാണ് ശ്രീനാഥ് ഭാസി വേഷമിടുന്നത്. ദിനേശന് മാസ്റ്റര്‍ എന്ന അദ്ധ്യാപകന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.
ജയസൂര്യ നായകനായ ‘വെള്ളം’, സണ്ണി വെയിന്‍ നായകനായെത്തിയ ‘അപ്പന്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദൈനി ഹാന്റ്സിന്റെ ബാനറില്‍ രഞ്ജിത്തും ജോസുകുട്ടിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയും ആന്‍ ശീതളും നായികാനായകന്മാരായെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി, രസ്ന പവിത്രന്, ശ്രുതി ലഷ്മി, ഹരീഷ് കണാരന്, അലന്‍സിയര്‍, ദിനേശ് പ്രഭാകര്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി, പാഷാണം ഷാജി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, സോഹന്‍ സീനുലാല്‍, നഥാനിയേല്‍ മഠത്തില്സരസ ബാലുശ്ശേരി, നിഷാ മാത്യു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി വേഷത്തില്‍ സണ്ണി വെയിനും ചിത്രത്തില്‍ എത്തുന്നുണ്ട്.
സംഗീതത്തിന് പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. മികച്ച നാടകകൃത്തിനുള്ള, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം നിരവധി തവണ നേടിയ പ്രദീപ് കുമാര്‍ കാവുന്തറയാണ് പടച്ചോനേ ഇങ്ങള് കാത്തോളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണുപ്രസാദ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്കുന്ന മുഴുനീള എന്റര്ടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപ്രദേശങ്ങളിലാണ് ചിത്രീകരണം നടത്തിയത്.
പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരനാണ്. ചിത്രത്തിന്റെ കലാസംവിധാനം അര്‍ക്കന്‍ എസ് കര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. മേക്കപ്പ് ഒരുക്കിയത് രഞ്ജിത്ത് മണാലിപ്പറമ്പില്‍ ആണ്. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് ആന്റപ്പന് ഇല്ലിക്കാട്ടില്‍, പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍സ് മൂവി റിപ്പബ്ലിക്, പിആര്‍ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര് പ്രൊഫഷണല്‍.