രണ്ടാം വരവിലും വന്‍ ഹിറ്റടിക്കാന്‍ സ്ഫടികം; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത്
മോഹന്‍ലാല്‍ തകര്‍ഭിനയിച്ച സ്ഫടികം, രണ്ടാം വരവില്‍ റെക്കോര്‍ഡ് നേട്ടവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യം റിലീസ് ചെയ്ത് 28 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ടെലിവിഷനുകളില്‍ നിരവധി തവണ പ്രദര്‍ശനത്തിന് എത്തിയിട്ടും 28 വര്‍ഷങ്ങള്‍ക്കു ശേഷം റീ മാസ്റ്ററിംഗ് നടത്തി വീണ്ടും തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണവുമായി ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഒരു പഴയ സിനിമയുടെ റീ റിലീസ് എന്ന നിലയില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് തുടക്കത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരുടേയൊക്കെ സംശയങ്ങള്‍ക്ക് ആദ്യം ദിനം തന്നെ കിടിലന്‍ മറുപടിയാണ് സ്ഫടികം നല്‍കിയത്. നൂണ്‍ ഷോ മാത്രം ഉണ്ടായിരുന്ന ഇടങ്ങളില്‍ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എത്തി ഫുള്‍ ഷോ ആയി.
ദുബൈ, യുകെ ഉള്‍പ്പെടെ റിലീസ് ദിനത്തില്‍ നൂറോളം ഫാന്‍സ് ഷോകള്‍ ആണ് നടന്നത്. ഓസ്‌ട്രേലിയ, കാനഡ, യുഎസ്, ലണ്ടന്‍ എന്നിവിടങ്ങളിലൊക്കെ വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം 4കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യ-ശ്രാവ്യ അനുഭവത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് എത്തിക്കാന്‍ 2 കോടിയാണ് മുടക്കെന്നാണ് സംവിധായകന്‍ ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. അതു അനുസരിച്ച് ചിത്രം ഇതിനകം തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ 160, മറ്റു സംസ്ഥാനങ്ങളില്‍ നൂറോളം സ്‌ക്രീനുകളില്‍, വിദേശത്ത് 40 രാജ്യങ്ങളിലായി നൂറിലേറെ സ്‌ക്രീനുകളില്‍. ഇത്തരത്തില്‍ വൈഡ് റിലീസ് ആയാണ് കഴിഞ്ഞ വ്യാഴാഴ്ച സ്ഫടികം റീ റിലീസ് ചെയ്യപ്പെട്ടത്. ഇതില്‍ കേരളത്തില്‍ നിന്ന് മാത്രം ഞായര്‍ വരെയുള്ള ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 3 കോടിക്ക് (ഗ്രോസ്) മുകളിലാണെന്നാണ് വിവരം. കൃത്യമായ തുക വന്നിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് നേടിയതിനേക്കാള്‍ വരും ചിത്രത്തിന്റെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ എന്നാണ് വിവരം.