‘മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിച്ചാല്‍ അദ്ദേഹത്തെ പേടിച്ചിട്ടാണെന്നാണ് പലരും പറയുക ‘; സോഹന്‍ സീനുലാല്‍
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയസുകൃതമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയുടെ സെറ്റില്‍ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യന് മാഷിന്റെ കാലില്‍ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. പിന്നീട് ആ ചെറുപ്പക്കാരന് പകര്‍ന്നാടിയത് എത്ര കഥാപാത്രങ്ങള്‍, എന്തെന്തു വേഷപ്പകര്‍ച്ചകള്‍, എത്ര അംഗീകാരങ്ങള്‍. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചവര്‍ക്കെല്ലാം പറയാന്‍ ഓരോ അനുഭവങ്ങള്‍ ഉണ്ടാകും.
ഇപ്പോഴിതാ സോഹന്‍ സീനുലാല്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ബഹുമാനം ഉള്ളത്കൊണ്ടാണ് മമ്മൂട്ടിയെ പേടിയെന്ന് പറയുന്നതെന്നും അദ്ദേഹം തന്റെ ജോലി കൃത്യമായി ചെയ്ത് പോകുന്ന വ്യക്തിയാണെന്നും സോഹന്‍ പറയുന്നു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിച്ചാലും ലേറ്റായാലും എല്ലാവരും പറയുന്നത് മമ്മൂട്ടിയെ പേടിച്ചിട്ടാണെന്നും ഡയലോഗ് പഠിക്കാതെ വന്നിട്ട് പലരും ഈ കാരണം പറയാറാണ് ഉള്ളതെന്നും സോഹന്‍ ഫില്‍മിഹുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൃത്യമായി ജോലി ചെയ്യുകയാണെങ്കില്‍ അയാളെ എല്ലാവര്ക്കും പേടിയായിരിക്കും. അയാള്‍ ഒരു കൈകൂലിക്കാരനും കൃത്യമായിട്ട് ജോലിക്ക് വരാത്ത ആളുമാണെങ്കില് നമുക്ക് അയാളെ പേടി ഉണ്ടാവില്ല. അതുപോലെയാണ് മമ്മൂക്കയോട് ഉള്ളത്. അദ്ദേഹം കൃത്യമായി എല്ലാ കാര്യവും നന്നായി ചെയ്യും. അപ്പോള്‍ നമുക്ക് ഉണ്ടാകുന്ന ബഹുമാനമാണ്. അതിനെ പേടി എന്ന് പറയാന്‍ പറ്റില്ല. അദ്ദേഹത്തോടുള്ള ബഹുമാനത്തെ പേടി എന്ന് വേണമെങ്കില്‍ പറയാമെന്നെ ഉള്ളൂ. കാരണം മമ്മൂക്ക നമ്മളെ ആരേയും പിടിച്ച് തിന്നാന്‍ വരുന്നില്ല. നമ്മളെ ഉപദ്രിവിക്കുന്നില്ല. അദ്ദേഹം തന്റെ ജോലി ചെയ്ത് പോകുന്നു. പക്ഷേ ഒരു ഡിസ്പ്ലിന്‍ മമ്മൂക്കയ്ക്ക് ഉണ്ടെന്നും സോഹന്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂക്ക നാളെ എത്ര മണിക്കാണ് ഷൂട്ടിന് എത്തേണ്ടത് എന്ന് ചോദിക്കുമ്പോള്‍ നമ്മള് ടെന്ഷനാവാന് ഒരു കാരണമുണ്ട്. പല നടന്മാരും പറഞ്ഞ സമയത്തിനേക്കാളും വൈകിയാണ് സെറ്റില്‍ എത്താറുള്ളത്. എന്നാല്‍ സമയം പറഞ്ഞാല്‍ കൃത്യ സമയത്ത് മമ്മൂക്ക അവിടെ എത്തും. അതുകൊണ്ട് മമ്മൂക്കയോട് ഒരു സമയം പറയുമ്പോള്‍ അത് നന്നായി ആലോചിച്ചിട്ട് വേണം. പലരും സെറ്റില്‍ ഡയലോഗ് തെറ്റിക്കും എന്നിട്ട് പറയുക മമ്മൂക്ക സെറ്റിലുള്ളത്കൊണ്ട് പേടിച്ചിട്ടാണെന്ന്. അവര്‍ക്ക് ശരിക്ക് ഡയലോഗ് പഠിച്ചാല്‍ മതി. മമ്മൂക്ക ചോദിക്കുന്ന രീതി കുറച്ച് റഫ് ടോണില്‍ ആയിരിക്കും, പക്ഷേ സമയത്തിന് വരികയും ഡയലോഗ് പഠിച്ച് വരുന്നവര്‍ക്കും മമ്മൂക്കയോട് പേടി ഉണ്ടാവില്ലെന്നും സോഹന്‍ വ്യക്തമാക്കുന്നു.