”മുടി മുറിക്കാൻ പറഞ്ഞപ്പോൾ കരഞ്ഞു, ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കില്ലെന്നും പറഞ്ഞു”; നവ്യ നായരെക്കുറിച്ച് സിബി മലയിൽ
2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ദിലീപിന്റെ നായികായായെത്തിയ ആ വിദേശമലയാളി പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. തുടർന്ന് ധാരാളം സിനിമകളിൽ നായികാ പദവി അലങ്കരിച്ച നവ്യ വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന ശേഷം ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
ഇതിനിടെ നവ്യ ആദ്യമായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. കൗമുദി മൂവിസിലാണ് ഇദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്. സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്ന സിദ്ധാർത്ഥൻ മലയാള മനോരമ ആഴ്ചപ്പതിപ്പിലെ കവർ പേജിൽ ഒരു കുട്ടിയുണ്ട്, കണ്ടിട്ട് നന്നായിട്ട് തോന്നുന്നു, സാറൊന്ന് നോക്കെന്ന് പറഞ്ഞു. നവ്യ നായർ മാതാപിതാക്കളോടൊപ്പം തൃശൂരിൽ വന്ന് കണ്ടു.
ഓഡിഷനിൽ നന്നായിട്ട് പെർഫോം ചെയ്തു. അറിയിക്കാം എന്ന് പറഞ്ഞ് വിട്ടു. അവർ അന്ന് പാലക്കാടേക്ക് പോകുകയാണ്. അവർ പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിൽ ഇനി കൂടുതൽ ആളെ നോക്കേണ്ട, ഈ കുട്ടി തന്നെ മതി എന്ന തീരുമാനത്തിലെത്തി. അവരോട് തിരിച്ച് വരാൻ പറഞ്ഞു. അന്ന് നവ്യയുടെ പേര് ധന്യയെന്നാണ്. ധന്യയെന്ന പേരിൽ ഒരു കുട്ടി ആ സമയത്ത് മലയാള സിനിമയിലുണ്ട്. എന്റെ തന്നെ ദേവദൂതൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തിട്ടുമുണ്ട്.
ധന്യയെന്ന പേര് വരുമ്പോൾ കൺഫ്യൂഷനുണ്ടാകും, ഇഷ്ടമുള്ള പേര് ആലോചിച്ച് പറയാൻ പറഞ്ഞു. പേര് നവ്യയെന്ന് തീരുമാനിച്ചതായി പിതാവ് വന്ന് പറഞ്ഞു. അങ്ങനെയാണ് ധന്യ നവ്യ നായരായി മാറിയത്. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് വന്ന നവ്യക്ക് മോഡേണായ കഥാപാത്രം അഭിനയിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും സിബി മലയിൽ ഓർത്തു.
ഒരുപാട് നീളത്തിലുള്ള മുടിയുണ്ട്. അത്രയും നീളത്തിലുള്ള മുടി വിദേശത്ത് നിന്ന് വരുന്ന കുട്ടികൾക്കുണ്ടാകില്ല. മുടി വെട്ടുന്നതിൽ നവ്യക്ക് പ്രയാസമുണ്ടായിരുന്നു. മുടിയല്ലേ, വളർന്ന് വരും, ക്യാരക്ടറിന് വേണ്ടി നമ്മൾ മാറണ്ടേ എന്നൊക്കെ ചോദിച്ചാണ് മുടി മുറിക്കാൻ സമ്മതിച്ചത്. സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിക്കാൻ നവ്യ മടിച്ചെന്നും ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഇടില്ലെന്ന് പറഞ്ഞ് കരഞ്ഞെന്നും സിബി മലയിൽ പറയുന്നു.