‘എവര്‍യൂത്തന്‍’ എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി. ജനറേഷന് വേറെയാണ്’; മമ്മൂട്ടിയെ പരിഹസിച്ച് ഷിംന അസീസ്
ക്രിസ്റ്റഫര്‍ പ്രമോഷന് പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ പറഞ്ഞത്. ഈ അഭിപ്രായ പ്രകടനം റേസിസം നിറഞ്ഞതാണെന്നും രാഷ്ട്രീയ ശരികേട് ആണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുമ്പോള്‍ ഒരു തമാശയെ ഈ തരത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് മറുവിഭാഗം വാദിക്കുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ പരിഹസിച്ച് ഷിംന അസീസ് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
‘വെളുത്ത പഞ്ചസാരേ എന്നു വിളിക്കില്ല, കറുത്ത ശര്‍ക്കരേ എന്നേ വിളിക്കൂ… ശര്‍ക്കര കരുപ്പട്ടിയാണ്, അങ്ങനെ ആരെങ്കിലും വിളിക്കുമോ? ഞാന്‍ കരുപ്പട്ടി എന്ന് വിളിച്ചാല്‍ എങ്ങനിരിക്കും?’
മമ്മൂട്ടി ഐശ്വര്യലക്ഷ്മിയോട് ചോദിച്ച ചോദ്യമാണ് പൊളിറ്റിക്കല്‍ കറക്ട്നസിന്റെ പുതിയ ഇര. ജൂഡിനോട് പറഞ്ഞ ‘തമാശ’ കഴിഞ്ഞ് മമ്മൂക്ക ദേ പിന്നേം പെട്ട് !
മിക്കവരും ഉള്ളിന്റെയുള്ളില്‍ ഈ ഇന്‍കറക്ട്നസുള്ളവരാണ്. ചിലര്‍ പഠിച്ചത് തിരുത്താന്‍ തയ്യാറായി ബോഡി ഷെയിമിങ്ങും ഈ ജാതി ഒലക്കമ്മലെ താരതമ്യങ്ങളെയും മറികടന്ന് മറുകര ചേര്‍ന്നു. പലരും ഇപ്പഴും അക്കരെ നിന്ന് വള്ളം കിട്ടാതെ സ്റ്റക്കായി നില്ക്കുന്നു.
‘എവര്‍യൂത്തന്‍’ എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി. ജനറേഷന് വേറെയാണ്. പഠിച്ചതേ അവിടുന്ന് പാട്ടായി പുറത്ത് വരൂ. അതാണ് ഇടക്കിടക്ക് മൂപ്പര് ഇങ്ങനെ പെടുന്നത്.
ഏത് നിറമുള്ളവരും ഒരേ പോലെയാണെന്നും എല്ലാവരും മനുഷ്യരാണെന്നും ഇനിയങ്ങോട്ട് ഉള്ള ജനറേഷനെങ്കിലും പാഠമായി പകര്‍ന്ന് കൊടുക്കാന്‍ നമുക്കാവണം. അതാകണം ഇത്തരം പ്രശസ്തരുടെ തെറ്റുകള്‍ നമുക്ക് പകര്‍ന്ന് തരുന്ന ഗുണപാഠം.
അപ്പോ മമ്മൂക്കയുടെ ”പഞ്ചാരവിറ്റ്?’
പറഞ്ഞിട്ട് കാര്യല്ല കുട്ടീ… ഇന്നലെ കഷണ്ടി, ഇന്ന് പഞ്ചാര, നാളെ വേറെ വല്ലോം പറയും…
പറഞ്ഞില്ലേ, പഠിച്ചതേ പാടൂ…