ഒരു താരത്തിനും ലഭിക്കാത്ത നേട്ടം ഇനി ഷാരൂഖ് ഖാന് സ്വന്തം…! 
1 min read

ഒരു താരത്തിനും ലഭിക്കാത്ത നേട്ടം ഇനി ഷാരൂഖ് ഖാന് സ്വന്തം…! 

തിരിച്ചുവരവ് വന്‍ ആഘോഷമാക്കിയിരിക്കുകയാണ് ഷാരൂഖ്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ പഠാനിലൂടെയായിരുന്നു ഷാരൂഖ് ഖാന്‍ അഞ്ച് കൊല്ലത്തോളം നീണ്ടു നിന്ന ഇടവേള അവസാനിപ്പിക്കുന്നത്. പഠാന്‍ വന്‍ വിജയമായി മാറുകയും ചെയ്തു. ഇനി ഇന്ത്യന്‍ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷന്‍ റിപ്പോര്‍ട്ടിനാണ്. ആഗോളതലത്തില്‍ ഷാരൂഖ് ഖാന്‍ എത്ര കളക്ഷന്‍ നേടി എന്ന റിപ്പോര്‍ട്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാന്‍ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാല്‍ സിനിമയിലെ നായകന് മറ്റൊരു റെക്കോര്‍ഡ് സ്വന്തമാകും.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത ആ നേട്ടവും ഇനി ഷാരൂഖ് ഖാന് സ്വന്തം. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തിയ ബോളിവുഡ് ചിത്രം ജവാന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തെത്തിയതോടെയാണ് കിംഗ് ഖാന്‍ അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയായിരിക്കുന്നത്. ബോളിവുഡ് ഒന്നടങ്കം കാത്തിരുന്ന സന്തോഷ വാര്‍ത്തയാണ് ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ആയി നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ജവാന്‍. കൃത്യം തുക പറഞ്ഞാല്‍ 1004.92 കോടി. ഒരു താരത്തിന്റേതായി ഒരേ വര്‍ഷം പുറത്തെത്തിയ രണ്ട് ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന അപൂര്‍വ്വ നേട്ടത്തിനാണ് ഷാരൂഖ് ഖാന്‍ ഇതോടെ ഉടമ ആയിരിക്കുന്നത്. പഠാനും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

യൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സില്‍ പെട്ട പഠാന്‍ സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആയിരുന്നു. കിംഗ് ഖാനെ പ്രേക്ഷകര്‍ എത്രത്തോളം മിസ് ചെയ്തിരുന്നുവെന്നതിന്റെ തെളിവായിരുന്നു ചിത്രത്തിന് ലഭിച്ച പ്രേക്ഷകപ്രീതി. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്ക് ശേഷം ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്കൊന്നും പഴയ മട്ടില്‍ ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് ഷാരൂഖ് ഖാന്റെ ഈ മഹാവിജയങ്ങള്‍ എന്നതാണ് ശ്രദ്ധേയം. പഠാന്റെ 1000 കോടി വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നത് തന്നെയായിരുന്നു ജവാന്റെ യുഎസ്പി. എന്നാല്‍ പഠാന് ലഭിച്ചത് പോലെയുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയല്ല ആദ്യദിനങ്ങളില്‍ ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. എന്നാല്‍ കിംഗ് ഖാന്‍ ഫാക്റ്റര്‍ ഇവിടെ രക്ഷയ്‌ക്കെത്തി. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റമായിരുന്നു.

അതേസമയം ജവാന്‍ ഇറങ്ങിയതിന് പിന്നാലെ ഹോളിവുഡില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നുവെന്ന് സംവിധായകന്‍ അറ്റ്‌ലി പറഞ്ഞതും വൈറലായിരുന്നു. എന്നാല്‍ സിനിമ ചെയ്യുന്നതുമായി ബദ്ധപ്പെട്ട് തനിക്ക് ചില ഫിലോസഫികള്‍ ഉള്ളതിനാല്‍ ഈ ഓഫറുകള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്ന് അറ്റ്‌ലി പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്‌ലി ഇത് പറഞ്ഞത്. ജവാനില്‍ പ്രവര്‍ത്തിച്ചവര്‍ ഹോളിവുഡില്‍ നിന്നുള്ളവരുണ്ട്. ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. അടുത്തിടെ സ്പിറോയും ഹോളിവുഡില്‍ നിന്നുള്ള ചില സംവിധായകനും സാങ്കേതിക വിദഗ്ധരും ജവാന്‍ കണ്ടു. ചിത്രത്തില്‍ ഷാരൂഖ് തീയുടെ ഇടയില്‍ വരുന്ന രംഗം ആരാണ് ചെയ്തതെന്ന് സ്പിറോയുടെ ഹോളിവുഡ് സുഹൃത്തുക്കള്‍ ചോദിച്ചു. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇത് സംവിധായകന്റെ കാഴ്ചപ്പാടാണ്, ഞാന്‍ അത് നടപ്പിലാക്കിയെന്നാണ് മറുപടി നല്‍കിയത്. അത് കേട്ട് അവര്‍ എന്നെ ബന്ധപ്പെട്ടു ഹോളിവുഡില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കൂ എന്ന് പറഞ്ഞു. ശരിക്കും ആ രംഗം ബേസിക്കായ സൂപ്പര്‍ ഹീറോയിസമാണ്. ശരിക്കും അത് ആഗോളതലത്തില്‍ പോലും സ്വീകരിക്കപ്പെടും എന്ന് കരുതിയില്ലെന്നും അറ്റ്‌ലി പറയുകയുണ്ടായി.