ലാലേട്ടന് വഴങ്ങാത്തതായി എന്താണുള്ളത്? ഷെയ്നിന്റെ സിനിമയ്ക്ക് പിന്നണി പാടി മോഹൻലാൽ, വൈറലായി ലിറിക്കൽ വീഡിയോ!
ഇന്ത്യൻ സിനിമയിലെ ടോപ്പ് ആക്ടേഴ്സിന്റെ ലിസ്റ്റെടുത്താൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കാൻ യോഗ്യതയുള്ള നടനാണ് മോഹൻലാൽ. അഭിനയം, നിർമാണം, സംവിധാനം, നൃത്തം, പിന്നണി ഗാനാലാപനം തുടങ്ങി ഒരു സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും മോഹൻലാൽ എന്ന നടന് അറിയാം. അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ന നടനെ കംപ്ലീറ്റ് ആക്ടറെന്ന് സിനിമയെ സ്നേഹിക്കുന്നവർ വിശേഷിപ്പിക്കുന്നത്. സിനിമയിൽ നാൽപ്പത് വർഷത്തിന് മുകളിൽ അനുഭവ സമ്പത്തുള്ള ലാലേട്ടൻ നിരവധി സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിട്ടുണ്ട്. അതിൽ ചിലത് അദ്ദേഹത്തിന്റെ സിനിമകൾക്ക് വേണ്ടി തന്നെയാണ്.
കൂടാതെ മറ്റുള്ള താരങ്ങളുടെ സിനിമയിലും മോഹൻലാൽ പാടിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഒരിടവേളയ്ക്ക് ശേഷം മറ്റുള്ള താരങ്ങൾക്ക് വേണ്ടി പിന്നണി പാടിയിരിക്കുകയാണ് മോഹൻലാൽ. യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗത്തിന്റെ സിനിമയായ ബർമുഡയിലാണ് മോഹൻലാൽ പുതിയതായി പിന്നണി പാടിയിരിക്കുന്നത്. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡയിൽ ചോദ്യ ചിഹ്നം പോലെ എന്ന ഗാനമാണ് മോഹൻലാൽ പാടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗംഭീരമായി ഓഡീയോ ലോഞ്ച് നടത്തിയാണ് പാട്ട് പ്രേക്ഷകരിലേക്ക് എത്തിച്ചത്. മോഹൻലാൽ തന്നെയാണ് ഓഡീയോ ലോഞ്ചിൽ മുഖ്യാതിഥിയായി എത്തിയത്.
ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ എത്തുന്ന സിനിമയിൽ പാടാനായതിന്റെ സന്തോഷവും മോഹൻലാൽ ചടങ്ങിൽ പങ്കുവെച്ചു. വിനായക് ശശകുമാറിന്റെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. പാട്ട് വൈറലായതോടെ നിരവധി പേരാണ് മോഹൻലാലിന്റെ പിന്നണി ഗാനാലാപനത്തെ പ്രശംസിച്ച് എത്തുന്നത്. ലാലേട്ടൻ പാടുന്നത് കേൾക്കാൻ തന്നെ എന്തോരു ഫീലാണ്. സിനിമ ജീവിതത്തിൽ ഇങ്ങേർക്ക് കഴിയാത്തതായി എന്തുണ്ട്?, ബ്രോഡാഡിക് ശേഷം ലാലേട്ടൻ പാടിയ ഗാനം, കുറേ കാലത്തിന് ശേഷം ലാലേട്ടൻ അഭിനയിക്കാതെ പാട്ട് പാടിയ സിനിമ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
മോഹൻലാൽ പാടിയ പാട്ട് നടൻ മമ്മൂട്ടിയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാൽ’ എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ലിറിക്കൽ വീഡിയോ പങ്കുവെച്ചത്. ഷെയ്ൻ നിഗത്തിന് പുറമെ സിജു വിൽസൺ, വിനയ് ഫോർട്ട്, നിരഞ്ജന അനൂപ്, ഗൗരി നന്ദ, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നാല് പാട്ടുകളാണ് ബർമുഡയിലുള്ളത്. സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ടി.കെ രാജീവ് കുമാർ ബർമുഡ ഒരുക്കിയിരിക്കുന്നത്.